Sub Lead

അഴിമതി ആരോപിച്ച് കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജിവച്ചു

അഴിമതി ആരോപിച്ച് കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജിവച്ചു
X

ബംഗളൂരു: അഴിമതി ആരോപിച്ച് ഹിന്ദു വാഹിനി ദേശീയ നേതാവ് കൂടിയായ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പ രാജിവച്ചു. ഈശ്വരപ്പയ്‌ക്കെതിരേ ആത്മഹത്യപ്രേരണാക്കുറ്റത്തിനു പോലിസ് കേസെടുത്തതിനു പിന്നാലെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, എന്തുവന്നാലും രാജിവയ്ക്കില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യനിലപാട്. മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.

വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരേ അഴിമതിയാരോപണമുന്നയിച്ച സന്തോഷ് പാട്ടീല്‍(40) എന്ന കോണ്‍ട്രാക്ടറിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് ഉഡുപ്പിയില്‍ കണ്ടെത്തിയത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി പോലിസ് മന്ത്രിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഈശ്വരപ്പയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ സഹായികളായ ബസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റോഡ് നിര്‍മാണത്തിന്റെ കരാറിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഹിന്ദു വാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി മന്ത്രിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. ബെലാഗവിയിലെ ഹിഗാല്‍ഡോയില്‍ റോഡ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയതിന് ഈശ്വരപ്പ നാല് കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നാണ് ഇയാള്‍ ആത്മഹത്യാ സന്ദേശത്തില്‍ ആരോപിച്ചത്. കമ്മീഷന്‍ തുക ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മന്ത്രിയായിരിക്കുമെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ കരാറുകള്‍ കൈകാര്യം ചെയ്യുന്ന തന്നെ മന്ത്രി മാനസികമായി പീഡിപ്പിക്കുകയാണ്. നാല് കോടി രൂപ ചെലവഴിച്ച് ബെലഗാവിയില്‍ 2021 മെയ് മാസത്തില്‍ റോഡ് നിര്‍മിച്ചിരുന്നു. ഇതിന്റെ ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ല. 40 ശതമാനം കമ്മീഷനാണ് മന്ത്രിയും കൂട്ടരും ആവശ്യപ്പെട്ടത്. എന്നാല്‍, ചോദിച്ച പണം നല്‍കാനായില്ലെന്നും പണം ലഭിക്കാത്തതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണുള്ളതെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിയിരുന്നു. വിഷയത്തില്‍ ബിജെപി നേതാക്കളെയും സമീപിച്ചു. എന്നാല്‍, നടപടി ഉണ്ടായില്ലെന്ന് പാട്ടീല്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it