Sub Lead

ഡോവലിന്റെ കമ്പനിയില്‍ ഒരു വര്‍ഷത്തെ വിദേശ നിക്ഷേപം 8300 കോടി; കമ്പനി രൂപീകരിച്ചത് നോട്ട് നിരോധനത്തിന് പിന്നാലെ

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കേമെന്‍ ദ്വീപില്‍ രൂപവല്‍ക്കരിച്ച കമ്പനിയുടെ പേരില്‍ ഇത്രയും വലിയ തുക നിക്ഷേപമെത്തിയത്. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

ഡോവലിന്റെ കമ്പനിയില്‍ ഒരു വര്‍ഷത്തെ വിദേശ നിക്ഷേപം 8300 കോടി; കമ്പനി രൂപീകരിച്ചത് നോട്ട് നിരോധനത്തിന് പിന്നാലെ
X

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തക്കാരനുമായ അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയിലേക്ക് ഒരു വര്‍ഷമെത്തിയ വിദേശ നിക്ഷേപം 8300 കോടി രൂപ. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളില്‍ കേമെന്‍ ദ്വീപില്‍ രൂപവല്‍ക്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുക നിക്ഷേപമെത്തിയത്. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഡോവലിന്റെ മകന്‍ വിവേക് ഡയറക്ടറായ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് 'ദി കാരവന്‍' മാസിക കഴിഞ്ഞദിവസം വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

നികുതിവെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയന്‍ കടലിലെ കേമെന്‍ ദ്വീപ്. പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുശേഷമാണ് ജിഎന്‍വൈ. ഏഷ്യ എന്ന പേരില്‍ കമ്പനി രൂപവല്‍ക്കരിച്ചത്. നാലാം മാസം മുതല്‍ ഈ കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാന്‍ തുടങ്ങി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി കേമെന്‍ ദ്വീപില്‍നിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഈ തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടര്‍മാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍. ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടര്‍. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.

ഡോവലിന്റെ മറ്റൊരു മകന്‍ ശൗര്യയുടെ പേരില്‍ സിയൂസ് എന്ന പേരില്‍ കമ്പനിയുണ്ട്. ജിഎന്‍വൈ ഏഷ്യയും സിയൂസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആരോപണത്തില്‍ അജിത് ഡോവല്‍ മറുപടി നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it