Sub Lead

നാണം കെട്ട് ബിജെപി; ചത്തീസ്ഗഡില്‍ മേയര്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്

ചത്തീസ്ഡഗിലെ പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് നിലംതൊടാനായില്ല.

നാണം കെട്ട് ബിജെപി; ചത്തീസ്ഗഡില്‍ മേയര്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്
X

റായ്പൂര്‍:മഹാരാഷ്ട്രയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ചത്തീസ്ഗഡില്‍ നാണം കെട്ടു. സംസ്ഥാനത്തെ മുഴുവന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സ്വന്തമാക്കി. ചത്തീസ്ഡഗിലെ പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് നിലംതൊടാനായില്ല.

പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവയടക്കം 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 2831 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 1283 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ 1131 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. ജഗ്ദല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടാനായത്. മറ്റ് 7 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളായ റായ്പൂര്‍, ബിസാല്‍പൂര്‍, ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്, റായ്ഗാവ്, ധംതാരി, കോര്‍ബ എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് മേയര്‍ സീറ്റുകളില്‍ ജയിച്ചു കയറിയത്. 9 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിയേക്കാളും കൂടുതല്‍ വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടി.

ബിജെപിക്ക് കോര്‍ബയില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്.എന്നാല്‍, കോര്‍ബയില്‍ കോണ്‍ഗ്രസിന്റെ രാജ് കിഷോര്‍ പ്രസാദാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ റിതു ചൗരസ്യയ്ക്ക് 33 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 36 വോട്ടുകള്‍ ലഭിച്ചു. ഇവിടെ 67 അംഗ കോര്‍പറേഷനില്‍ ബിജെപിയുടെ 31 പേര്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 26 പേരെ മാത്രമാണ് ജയിപ്പിക്കാനായത്. എന്നാല്‍, ബിഎസ്പി, സിപിഎം, ജെസിസി(ജെ) എന്നിവയില്‍നിന്നുള്ള എട്ടു അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മേയറായത്. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നാല് വീതം മേയര്‍ പദവികളും രണ്ടെണ്ണം സ്വതന്ത്രര്‍ക്കുമാണ് ലഭിച്ചിരുന്നത്.

Next Story

RELATED STORIES

Share it