Sub Lead

രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി കമ്പനികള്‍

രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി കമ്പനികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി കമ്പനികള്‍. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വിലകൂട്ടിയ സാഹചര്യത്തിലാണ് ഇത്. 15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നിരക്ക് വര്‍ധന അനിവാര്യമാണെന്ന് മറ്റ് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതോടെയാണ് യാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്.

2021 ജൂണ്‍ മുതല്‍ വിമാന ഇന്ധനനിരക്കില്‍ 120 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. രൂപയുടെ മൂല്യമിടിഞ്ഞതും വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും വിമാനക്കമ്പനികള്‍ പറയുന്നു. കൊവിഡിനുശേഷം വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിച്ചുവരുമ്പോഴാണ് യുക്രെയ്‌നിലെ യുദ്ധം മൂലം ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായത്. വിമാന ടിക്കറ്റിന്റെ 30 മുതല്‍ 40 ശതമാനം വരെയുള്ള തുക ഇന്ധനത്തിന് മാത്രം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ പറയുന്നു. കൊവിഡ് കാലത്തെ അടച്ചിടല്‍ കഴിഞ്ഞ് യാത്രകള്‍ പുനരാരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണിത്.

വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വിലയാണിത്. ഇത്രയും വിലക്കയറ്റം താങ്ങാനാവില്ലെന്ന് വിമാന കമ്പനികള്‍ പറയുന്നു. 'ഈ വിലയില്‍ കമ്പനിക്ക് മുന്നോട്ടുപോകാനാവില്ല. ടികറ്റ് നിരക്കില്‍ കുറഞ്ഞത് 10-15 ശതമാനം വര്‍ധന ആവശ്യമാണ്'- സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

വാറ്റും എക്‌സൈസ് നികുതിയും ഉള്‍പ്പെടുന്നതിനാല്‍ എടിഎഫിന് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വില കൂടുതലാണെന്നും കമ്പനികള്‍ പറയുന്നു. വിമാന സര്‍വീസുകള്‍ കൂടുതലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടമോ കേന്ദ്രസര്‍കാരോ എടിഎഫിന് നികുതി ഇളവ് നല്‍കാന്‍ തയ്യാറുമല്ല. അതിനാലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ പ്രതീക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് 10- 15 ശതമാനത്തിന്റെ വര്‍ധനവാണ്.

Next Story

RELATED STORIES

Share it