Sub Lead

കമ്മ്യൂണിസ്റ്റുകളുടെ മുസ്‌ലിം പേടി; മുസ്‌ലിം പേരുള്ളവര്‍ക്കെതിരേ ആക്രമണവും നിരീക്ഷണവും

'ചികല്‍സാര്‍ത്ഥം കുറച്ചു ദിവസം സംഘടനയില്‍ ലീവെടുത്താല്‍ അതിനര്‍ത്ഥം തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടാനാണെന്ന് നേതൃത്വം പറഞ്ഞാല്‍ ഏതൊരു കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും പ്രതികരിച്ചു പോവില്ലേ?'

കമ്മ്യൂണിസ്റ്റുകളുടെ മുസ്‌ലിം പേടി;   മുസ്‌ലിം പേരുള്ളവര്‍ക്കെതിരേ ആക്രമണവും നിരീക്ഷണവും
X

കോഴിക്കോട്: സിപിഎം-സിപിഐ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് മുസ്‌ലിം പേടി. യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉയരുന്നത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങി ഇടതുപക്ഷ യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ തന്നേയാണ് തങ്ങളുടെ മതേതര കൂറ് തെളിയിക്കേണ്ട ദുരവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മുസ് ലിം നാമധാരികളായ പ്രവര്‍ത്തകര്‍ ആക്രമണത്തിനും നിരീക്ഷണത്തിനും മാനസിക പീഡനങ്ങള്‍ക്കും ഇരയാകുന്നതായി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ജില്ലയില്‍ എഐഎസ്എഫ് യൂനിറ്റ് സെക്രട്ടറി അച്ചടക്ക നടപടിക്ക് വിധേയനാകേണ്ടി വന്നു.

തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ എഐഎസ്എഫ് യൂനിറ്റ് സെക്രട്ടറി അസ്ഹറിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായതോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുസ്‌ലിം പേടി മറനീക്കി പുറത്ത് വന്നത്. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന സംശയത്തിന്റെ പേരിലാണ് അസ്ഹറിനെ അക്രമിച്ചതെന്നായിരുന്നു എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്. എസ്എഫ്‌ഐയുടെ ആരോപണം എഐഎസ്എഫ് നേതാക്കളും സിപിഐയും വിശ്വസിച്ചു. ഇതിനെത്തുടര്‍ന്ന് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും അസ്ഹറിനെ ഒഴിവാക്കുകയും ചെയ്തു. നിരന്തരമായി എസ്എഫ്‌ഐ ആക്രമണത്തിന് വിധേയനായിട്ടും പാര്‍ട്ടിക്കാരനെതിരേ നടപടിയെടുത്ത എഐഎസ്എഫ് നടപടി വിവാദമായിരിക്കുകയാണ്.

സമാനമായ അനുഭവമാണ് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എ ഫൈസലിനും സിപിഐയില്‍ നിന്ന് നേരിട്ടത്. നിലവില്‍ എഐവൈഎഫ് ചേര്‍പ്പ മണ്ഡലം സെക്രട്ടറി കൂടിയായ ഫൈസലിന് എസ്ഡിപിഐ ബന്ധമുണ്ടെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. തന്നെ സംശയിക്കുകയും അവഹേളിക്കുകയും ചെയ്ത പാര്‍ട്ടി നിലപാടിനെതിരെ ഫൈസല്‍ പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു. പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ച് ഫൈസല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നപുംസകങ്ങളോട്, മുസ്‌ലിം മത വിഭാഗത്തില്‍ ജനിച്ചതിന്റെ പേരില്‍ ആരും വര്‍ഗീയ വാദിയോ തീവ്ര വാദിയോ ആകുന്നില്ല' എന്നായിരുന്നു ഫൈസലിന്റെ ഫേസ്ബുക്ക പോസ്റ്റ്.

പോസ്റ്റ് വിവാദമായതോടെ ഫൈസല്‍ വിഷദീകരണ കുറിപ്പും എഴുതി.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അറബി പേരുള്ള പ്രവര്‍ത്തകരോട് നിങ്ങള്‍ രാത്രി സമയത്ത് എസ്ഡിപിഐ യല്ലേ എന്ന് ചോദിച്ചാല്‍ അതിന്റെ പച്ചയായ അര്‍ത്ഥം നിനക്ക് എത്ര തന്ത ഉണ്ട് എന്നാണെന്ന് ' ഞാന്‍ വിശ്വസിക്കുന്നു . ആയതുകൊണ്ടുതന്നെ തന്തക്ക് പിറന്നവര്‍ പ്രതികരിക്കും. ചികല്‍സാര്‍ത്ഥം കുറച്ചു ദിവസം സംഘടനയില്‍ ലീവെടുത്താല്‍ അതിനര്‍ത്ഥം തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടാനാണെന്ന് നേതൃത്വം പറഞ്ഞാല്‍ ഏതൊരു കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും പ്രതികരിച്ചു പോവില്ലേ ? എന്റെ സ്വകാര്യയാത്രയില്‍ ആസ്വാഭിവികതയും/അവിശ്വാസവും പ്രകടിപ്പിക്കുന്നത് അസംബന്ധമല്ലേ?. ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്‌ലിം/അറബ് നാമങ്ങള്‍ സംശയസ്പദമായാണ് പാര്‍ട്ടിയിലെ ചിലര്‍ കാണുന്നത് എന്നാണ് ഫൈസല്‍ പറയുന്നത്. ഫൈസലിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി അച്ചടക്ക നടപടിക്കും സാധ്യതയേറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ കുറിച്ച് ഒരു ഹിന്ദു നാമധാരി പറഞ്ഞാല്‍ അവര്‍ സെക്കുലറിസ്റ്റും, അതേ കാര്യം ഒരു മുസ്‌ലിം നാമധാരി പറഞ്ഞാല്‍ തീവ്രവാദിയും/ വര്‍ഗ്ഗീയവാദിയും ആയിത്തീരുമെന്ന് ഫൈസല്‍ വിഷയത്തോട് പ്രതികരിച്ചുക്കൊണ്ട് എഐവൈഎഫ് നാട്ടിക മണ്ഡലം ജോ.സെക്രട്ടറി എം.ജെ സജല്‍കുമാറും ഫേസ്ബുക്കില്‍ കമ്മന്റിട്ടു.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുസ്‌ലിം നാമധാരികളെ സംശയത്തോടെ വീക്ഷിക്കുന്ന സംഭവങ്ങള്‍ നേരത്തേയും തൃശൂരില്‍ വാര്‍ത്തയായിരുന്നു. എഐവൈഎഫ് നാട്ടിക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന കെ കെ ഷിഹാബിനെതിരേയാണ് നേരത്തെ തീവ്രവാദ ആരോപണം ഉയര്‍ന്നത്. ആര്‍എസ്എസ്സിനേയും സംഘപരിവാര നിലപാടുകളേയും എതിര്‍ത്തതിന്റെ പേരിലാണ് കെ കെ ഷിഹാബിനെ തീവ്രവാദിയായി മുദ്രകുത്തിയത്. മാതൃഭൂമിയുടെ സംഘപരിവാര പ്രീണനത്തെ പരസ്യമായി എതിര്‍ത്തതിന്റെ പേരില്‍ ഷിഹാബിനെതിരെ മാതൃഭൂമി നിയമനടപടി സ്വീകരിച്ചിരുന്നു.

മാതൃഭൂമിയുടെ മുസ്‌ലിം വിരുദ്ധ നിലപാടിനെ ട്രോളിയതിന്റെ പേരില്‍ ഷിഹാബിനെതിരേ മാതൃഭൂമി മാനേജ്‌മെന്റ് കോഴിക്കോട് പോലിസില്‍ പരാതി നല്‍കി. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെ പോലിസ് നടപടി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, 'പകല്‍ കമ്മ്യൂണിസ്റ്റ്, രാത്രി തീവ്രവാദം, ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയകലാപം' എന്ന തലക്കെട്ടില്‍ ബിജെപി മുഖപത്രമായ ജന്മഭൂമിയും ഷിഹാബിനെതിരേ ഒന്നാംപേജില്‍ ലീഡ് വാര്‍ത്ത നല്‍കി. മാതൃഭൂമിയും ജന്മഭൂമിയും ഷിഹാബിനെതിരേ വാര്‍ത്ത നല്‍കിയതോടെ സിപിഐ നേതൃത്വം ഷിഹാബിനെതിരേ വാര്‍ത്താകുറിപ്പ് ഇറക്കുകയായിരുന്നു. ഷിഹാബിനെതിരായ നീക്കം സംഘപരിവാര അജണ്ടയാണെന്ന് വ്യക്തമായിട്ടും പാര്‍ട്ടി നേതൃത്വം മാതൃഭൂമിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് നിലവില്‍ കെ കെ ഷിഹാബ് സംഘടനാ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it