Sub Lead

സൈനിക ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് വര്‍ഗീയ പരാമര്‍ശം: തമിഴ്‌നാട്ടില്‍ യൂ ട്യൂബറെ അറസ്റ്റ് ചെയ്തു; കേരളത്തില്‍ ബിജെപി നേതാവിനെതിരേ നടപടിയില്ല

സൈനിക ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് വര്‍ഗീയ പരാമര്‍ശം: തമിഴ്‌നാട്ടില്‍ യൂ ട്യൂബറെ അറസ്റ്റ് ചെയ്തു; കേരളത്തില്‍ ബിജെപി നേതാവിനെതിരേ നടപടിയില്ല
X

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെടാനിടയായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ തമിഴ്‌നാട് പോലിസിനും കേരള പോലിസിനും വ്യത്യസ്ത നിലപാട്. വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിവാദ പരാമര്‍ശനം നടത്തിയ തമിഴ് യൂ ട്യൂബര്‍ മാരീദാസിനെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ സമാനമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരേ കേരളത്തില്‍ യാതൊരു നടപടിയുമില്ല. ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ആണ് ഹെലികോപ്റ്റര്‍ അപകടത്തെ സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയത്. 'ഹെലികോപ്റ്റര്‍ അപകടം സാധാരണ അപകടം എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയത്തിലും സിയാച്ചിന്‍ മലനിരകളിലും പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്. അവര്‍ക്ക് ഊട്ടിയിലെ മല എന്നൊക്കെ പറഞ്ഞാല്‍ കുട്ടിക്കളിയാണ്. അവിടെ ഒരു ഹെലികോപ്റ്റര്‍, അതും ജനറല്‍ ബിപിന്‍ റാവത്തിനെ പോലെ മൂന്ന് സേനാ മേധാവികളേയും കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന അത്രക്ക് ഉന്നതനായ ഒരു പട്ടാളക്കാരന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുക എന്ന പറഞ്ഞാല്‍ അത് അചിന്ത്യമാണ്. അതിനകത്ത് ഉറപ്പായിട്ട് അട്ടിമറിയുണ്ട്. അതിനാല്‍ പൗരന്‍മാരായ നമ്മള്‍ നമുക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം. ആരൊക്കെയാണ് ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചത് എന്ന് നോക്കിയാല്‍ എന്താണ് അന്തരീക്ഷം എന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ഇവരേയെല്ലാം തുറന്ന് കാണിക്കേണ്ട ചുമതലയും നമുക്കുണ്ട്'. ഇതായിരുന്നു ടി ജി മോഹന്‍ദാസിന്റെ പോസ്റ്റിലെ പരാമര്‍ശം.

സമാനമായ പരാമര്‍ശം തന്നേയാണ് തമിഴ് യൂ ട്യൂബര്‍ മരീദാസും നടത്തിയത്. ഡിഎംകെ ഭരണത്തിന് കീഴില്‍ തമിഴ്‌നാട് മറ്റൊരു കശ്മീരായി മാറുകയാണെന്ന മാരീദാസിന്റെ ട്വീറ്റാണ് വിവാദമായത്. രാജ്യത്തോട് കൂറുപുലര്‍ത്താത്ത ആളുകള്‍ ഒത്തുചേരുമ്പോള്‍ ഇവിടെ (തമിഴ്‌നാട്ടില്‍) ഏതുതരത്തിലുള്ള ഗൂഢാലോചനയും സാധ്യമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരുന്നു. മാരീദാസ് വിവാദ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിലെ മധുര നഗരത്തില്‍നിന്ന് സൈബര്‍ െ്രെകം പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 505(2) (അപകടമുണ്ടാക്കുന്ന, അസഹിഷ്ണുത സൃഷ്ടിക്കാനുള്ള തെറ്റായ ഉദ്ദേശ്യത്തോടെയുള്ള പ്രസ്താവനകള്‍), 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മരിദാസിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് മധുര പോലിസിനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. അതേസമയം, മാരീദാസിനെ കസ്റ്റഡിയിലെടുക്കുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. കെ പുദൂരിലെ സൂര്യ നഗറിലുള്ള വീട്ടിലെത്തിയാണ് മധുര പോലിസ് മാരീദാസിനെ ചോദ്യംചെയ്തത്. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലിസിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലിസ് അദ്ദേഹത്തെ കെ പുദൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെയും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി കെ രാജശേഖരന്‍, തങ്കദുരൈ എന്നിവര്‍ സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

Next Story

RELATED STORIES

Share it