Sub Lead

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി: യുഎസ് സൈബര്‍ വിദഗ്ധന്റെ വാദങ്ങള്‍ അവിശ്വസനീയമെന്ന്

അദ്ദേഹം നിരത്തിയ വാദങ്ങള്‍ സമര്‍ഥിക്കാവുന്ന തെളിവൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തിന്റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷനിലെ ഡിബോറ ബോണറ്റി പറഞ്ഞു.

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി: യുഎസ് സൈബര്‍ വിദഗ്ധന്റെ വാദങ്ങള്‍ അവിശ്വസനീയമെന്ന്
X

ന്യൂഡല്‍ഹി: 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയതായി അവകാശപ്പെട്ട് കഴിഞ്ഞ ദിവസം യുഎസ് ഹാക്കര്‍ നിരത്തിയ വാദങ്ങള്‍ അവിശ്വസനീയമെന്ന് റിപോര്‍ട്ട്. അദ്ദേഹം നിരത്തിയ വാദങ്ങള്‍ സമര്‍ഥിക്കാവുന്ന തെളിവൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തിന്റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷനിലെ ഡിബോറ ബോണറ്റി പറഞ്ഞു.

സെയ്ദ് ഷുജ എന്ന പേരില്‍ മുഖംമൂടി അണിഞ്ഞയാളാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ വാര്‍ത്താ സമ്മേളനം നടത്തി വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പ് നടത്താമെന്നതിന് ലൈവ് ഡമോണ്‍സ്‌ട്രേഷന്‍ കാണിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് സെയ്ദ് ഷുജ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്നും ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും ഈ അട്ടിമറി മൂടിവയ്ക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സെയ്ദ് ഷുജയുടെ അവകാശവാദം.

2009 മുതല്‍ 2014വരെ താന്‍ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, സെയ്ദ് ഷുജ എന്നയാള്‍ ഇസിഐഎലില്‍ ജോലി ചെയ്തിട്ടില്ലെന്നും ഇവിഎമ്മിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ അങ്ങിനെ ഒരാള്‍ ഉണ്ടായിരുന്നില്ലെന്നും ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. കമ്പനിയിലെ തൊഴിലാളികളെക്കുറിച്ചുള്ള വിവര ശേഖരത്തിലൊന്നും സെയ്ദ് ഷുജ എന്ന പേരില്‍ ഒരാള്‍ ഇല്ലെന്ന് ഇസിഐഎല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപാര്‍ട്ട്‌മെന്റിലെ വിനോദ് കുമാറിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്നും ഇതിനെ മിലിറ്ററി ഗ്രേഡ് ഫ്രീക്വന്‍സി ഉള്ള മോഡുലേറ്റര്‍ ഉപയോഗിച്ച് നിയന്ത്രിച്ചാണ് ബിജെപി അട്ടിമറി നടത്തിയതെന്നുമാണ് സെയ്ദ് ഷുജ അവകാശപ്പെട്ടിരുന്നത്. ഇത് സാങ്കേതികമായി അസാധ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇത്തരം സിഗ്നലുകളില്‍ തങ്ങളുടെ ടീം ഇടപെടല്‍ നടത്തിയത് കൊണ്ടാണ് ബിജെപി പരാജയപ്പെടുകയും ആം ആദ്മി പാര്‍ട്ടി ജയിക്കുകയും ചെയ്തതെന്നും സെയ്ദ് ഷുജ പറഞ്ഞിരുന്നു. എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും കേബിള്‍ വഴിയാണ് ബന്ധപ്പെടുന്നതെന്നും അവിടെ ഇത്തരമൊരു സിഗ്നലിന്റെ സാധ്യത ഇല്ലെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ രജത് മൂന പറഞ്ഞു. 2010 മുതല്‍ ഇലക്ഷന്‍ കമ്മീഷന്റെ സാങ്കേതിക വിദഗ്ധനാണ് രജത് മൂന.

വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ ചെന്നപ്പോള്‍ 2014 മെയില്‍ ഹൈദരാബാദില്‍ വച്ച് ബിജെപി നേതാവ് തനിക്കും ടീം അംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ത്തെന്നും 11 പേര്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു സെയ്ദ് ഷുജയുടെ മറ്റൊരു അവകാശവാദം. ഇത് മറച്ചുവയ്ക്കാന്‍ ഒരു വര്‍ഗീയ കലാപം കെട്ടിച്ചമച്ചുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം ഹൈദരാബാദ് പോലിസ് നിഷേധിച്ചു. 2014 മെയില്‍ ഹൈദരാബാദിലെ കിഷന്‍ ബാഗില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് നടത്തിയ വെടിവയ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടതെന്ന് ഹൈദരാബാദിലെ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. കിഷന്‍ ബാഗില്‍ പതാക കത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അന്നത്തെ പത്ര റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

അതേ സമയം, അവകാശപ്പെട്ടതുപോലെ കൂടുതല്‍ തെളിവുകളുമായി സെയ്ദ് ഷുജ വീണ്ടും രംഗത്ത് വരുമോ എന്ന് കാത്തിരിക്കുകയാണ് ഇന്ത്യയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍.

Next Story

RELATED STORIES

Share it