Sub Lead

സിവില്‍ സര്‍വീസിലെ അഴിമതി; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 665 കേസുകള്‍

ആകെയുള്ള 665 അഴിമതി കേസുകളില്‍ 361 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു. 304 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പിലാണ് എറ്റവുമധികം അഴിമതി കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സിവില്‍ സര്‍വീസിലെ അഴിമതി; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 665 കേസുകള്‍
X

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസിലെ അഴിമതി തുടച്ചുനീക്കുമെന്ന അധികാരത്തിലെത്തുന്ന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ വാക്കുകളില്‍ മാത്രമൊതുങ്ങുന്നു. സംസ്ഥാനത്തെ സിവില്‍ സര്‍വീസില്‍ അഴിമതി വര്‍ധിച്ചുവരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കെതിരേ 665 അഴിമതി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 70 വകുപ്പുകളിലായാണ് ഇത്രയും കേസുകളുണ്ടായിരിക്കുന്നത്. നിയമസഭയില്‍ കെ ബാബുവി (നെന്‍മാറ) ന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്തെ സിവില്‍ സര്‍വീസില്‍ അഴിമതി വ്യാപകമാണെന്ന വിവരം പുറത്തുവരുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള അഞ്ചുവര്‍ഷത്തെ കണക്കനുസരിച്ച് ആകെയുള്ള 665 അഴിമതി കേസുകളില്‍ 361 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു. 304 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പിലാണ് എറ്റവുമധികം അഴിമതി കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 97 കേസുകളാണ് ഈ വകുപ്പിലെ ജീവനക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തൊട്ടുപിന്നില്‍ റവന്യൂ വകുപ്പാണ്. ഇവിടെ 91 കേസുകള്‍ അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തു.

സഹകരണം- 57, നഗരകാര്യം- 52, ഭക്ഷ്യ പൊതുവിതരണം-40, പോലിസ്-36, വിദ്യാഭ്യാസം- 31, ആരോഗ്യം- 26, പൊതുമരാമത്ത്- 19, മോട്ടോര്‍ വാഹനം- 19, കൃഷി- 13, സര്‍വേ- 12, വാണിജ്യം- 11, രജിസ്‌ട്രേഷന്‍- 10, പട്ടികജാതി വികസനം- 10 തുടങ്ങിയ വകുപ്പുകളിലാണ് സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കെതിരേ പത്തോ അതില്‍ കൂടുതലോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മറ്റ് വകുപ്പുകളിലെ കേസുകളുടെ വിശദാംശങ്ങള്‍ ചുവടെ: എക്‌സൈസ്- 9, സിഡ്‌കോ- 9, വനം- 8, ഗ്രാമവികസനം- 6, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്- 5, മൃഗസംരക്ഷണം- 5, മലബാര്‍ സിമന്റ്‌സ്- 5, നിയമം- 4, തുറമുഖം- 4, കെഎസ്എഫ്ഇ- 4, ജലസേചനം- 4, വാട്ടര്‍ അതോറിറ്റി- 4, ഗുരുവായൂര്‍ ദേവസ്വം- 4, സാമൂഹിക ക്ഷേമം- 4, മൈനിങ് ആന്റ് ജിയോളജി- 4, കെഎസ്ഇബി- 3, കശുവണ്ടി വികസന കോര്‍പറേഷന്‍- 3, ലീഗല്‍ മെട്രോളജി- 3, ട്രഷറി- 3, വ്യവസായം- 3, കേരഫെഡ്- 2, കായികം- 2, ഫിഷറീസ്- 2, ഖാദി ബോര്‍ഡ്- 2, ബെവ്‌കോ- 2, ടൂറിസം- 2, കോര്‍പറേഷന്‍- 2, നിര്‍മിതി കേന്ദ്ര- 2, തൊഴില്‍- 2, കെഎസ്ആര്‍ടിസി- 2, കെഎസ്‌ഐഇ- 2, ശിശുക്ഷേമം- 2, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍- 1, തീരദേശ വികസന കോര്‍പറേഷന്‍- 1, വ്യവസായ പരിശീലനം- 1, സാമൂഹിക നീതി- 1, ഭവന നിര്‍മാണം- 1, ക്ഷീരവികസനം- 1, കയര്‍ കോര്‍പറേഷന്‍- 1, ഹോര്‍ട്ടികോര്‍പ്പ്- 1, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍- 1, ലോട്ടറി- 1, ക്വാളിറ്റി കണ്‍ട്രോള്‍- 1, ടെല്‍ക്ക്- 1, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍- 1, ഐആര്‍ബിഎന്‍- 1, സാംസ്‌കാരികം- 1, മലബാര്‍ ദേവസ്വം ബോര്‍ഡ്- 1, ഭൂഗര്‍ഭജലം- 1, പട്ടികവര്‍ഗ വികസനം- 1, ഫയര്‍ ആന്റ് റെസ്‌ക്യൂ- 1, എംഐഎല്‍എംഎ- 1, കെഎംഎംഎല്‍- 1, സി ആപ്റ്റ്- 1, ഹാന്‍ഡക്‌സ്- 1.

സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാവണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത്. അഴിമതി പൂര്‍ണമായും ഇല്ലാതാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ് അഴിമതിരഹിതമാക്കുന്നതിന് അഴിമതി നിരോധന നിയമം 1988 അനുസരിച്ച് വിജിലന്‍സ് വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അഴിമതി സംബന്ധിച്ച് ലഭിക്കുന്ന പരാതികളുടെ സ്വഭാവം അനുസരിച്ച് രഹസ്യാന്വേഷണം, സത്വരാന്വേഷണം, പ്രാഥമികാന്വേഷണം, മിന്നല്‍ പരിശോധന എന്നിവ നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കും.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ സസ്‌പെന്‍ഷന്‍, മറ്റ് വകുപ്പുതല നടപടികള്‍ എന്നിവയാണ് ബന്ധപ്പെട്ട ഭരണവകുപ്പ് മുഖേന സ്വീകരിക്കുക. അഴിമതി തടയുന്നതി്‌ന മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനവും നിലവിലുണ്ട്. ഇത് ശക്തിപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കാലാകാലങ്ങളായി നല്‍കിവരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it