Big stories

പൗരത്വ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍; ബില്ലിനെ എതിര്‍ക്കുമെന്ന് ശിവസേന

രാജ്യസഭയില്‍ ബില്ലില്‍മേല്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് ചര്‍ച്ച നടക്കുക. തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും.

പൗരത്വ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍; ബില്ലിനെ എതിര്‍ക്കുമെന്ന് ശിവസേന
X

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേത്തിന് ഇടയാക്കിയ വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലില്‍മേല്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ ചര്‍ച്ച നടക്കുക. തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ല് രാജ്യസഭയുടെ പടികടക്കാതിരിക്കാന്‍ തീവ്ര യജ്ഞത്തിലാണ് കോണ്‍ഗ്രസ്. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതോടെയാണ് ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. പ്രധാനവിഷയങ്ങളില്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് പൊതു മിനിമം പരിപാടിയിലെ തീരുമാനം ലംഘിച്ചെന്നും മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ തുടരണോ എന്ന് ആലോചിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ശിവസേനാ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതേത്തുടര്‍ന്ന് ബില്ലിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നും അതിനാല്‍ രാജ്യസഭയില്‍ പിന്തുണ ഇല്ലെന്നും ശിവസേന പിന്നീട് നിലപാട് തിരുത്തുകായിരുന്നു. ശിവസേന ഉന്നയിച്ച സംശയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതെ പിന്തുണയ്ക്കില്ല. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബിജെപി നിലപാട് അംഗീകരിക്കാനാകില്ല. ശിവസേന നിലപാട് ആരുടെയും ഇഷ്ടം നോക്കിയല്ലെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

238 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. 120 പേര്‍ പിന്തുണച്ചാല്‍ മാത്രമേ ബില്ല് പാസാവു. ബിജെപിയുടെ 83 സീറ്റടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എഐഎഡിഎംകെയുടെ 11ഉം ബിജെഡിയുടെ 7ഉം വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും രണ്ടുവീതം അംഗങ്ങളുടേയും പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഈ കക്ഷികളില്‍നിന്നുള്ള 22 പേരുടെ കൂടി പിന്തുണ ലഭിക്കുകയാണെങ്കില്‍ 127 പേരുടെ പിന്തുണയോടെ ബില്ല് പാസാക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

Next Story

RELATED STORIES

Share it