Sub Lead

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

വോട്ടെടുപ്പില്‍ 391 പേര്‍ പങ്കെടുത്തു. 311 പേര്‍ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി
X

ന്യൂഡല്‍ഹി: 12 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ 391 പേര്‍ പങ്കെടുത്തു. 311 പേര്‍ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം തള്ളിയാണ് സഭ ബില്‍ പാസാക്കിയത്. മതാടിസ്ഥാനത്തിലുള്ള പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ബില്‍ ലോക്‌സഭ കടന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ ഒഴികയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ബില്‍ ലോക്‌സഭയില്‍ പാസായതിനാല്‍, അടുത്ത ദിവസം തന്നെ രാജ്യസഭയും കടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 11ന് ഭേദഗതി ബില്‍ രാജ്യസഭയിലെത്തും.

നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന. ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ല് അവതരിപ്പിച്ച അമിത്ഷായെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 'ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്‍' എന്നായിരുന്നു അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിച്ചത്.

പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം ബില്ല് അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ തള്ളി. ന്യൂനപക്ഷങ്ങളേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളേയോ പൗരത്വ ബില്ല് ദോഷകരമായി ബാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

1947 ലെ വിഭജനകാലത്ത് 'മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭിന്നിപ്പിച്ച' പാര്‍ട്ടിയാണ് ബില്‍ വിവേചനപരമായി കാണുന്നതെന്ന് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.

ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരില്‍ പ്രവേശിക്കാനും ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (മുന്‍കൂര്‍ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവര്‍ഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെര്‍മിറ്റ് ആവശ്യമുള്ള നാഗാലാന്‍ഡ്, മിസോറം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ മനീഷ് തിവാരി, മറുപടി പ്രസംഗത്തില്‍ ഇതിന് തിരിച്ചടിച്ചു. ''ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം അവതരിപ്പിച്ചതാരാണ്? ഹിന്ദു മഹാസഭയല്ലേ?'', മനീഷ് തിവാരി ചോദിച്ചു. ഇന്ന് വീര്‍ സവര്‍ക്കര്‍ എന്ന് ആര്‍എസ്എസ്സും സംഘപരിവാറും വിളിക്കുന്ന സവര്‍ക്കറാണ് 1935ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. അത്തരം പ്രചാരണമാണ് സംഘപരിവാര്‍ പിന്നീട് ഈ രാജ്യത്ത് നടത്തിയതെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു.

മുസ്‌ലിംകള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാനുള്ള ബില്ലില്‍ വലിയ പ്രതിഷേധമാണ് ലോക്‌സഭയില്‍ അലയടിച്ചത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്‍ കോടതിയില്‍ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.

ബില്ല് രാജ്യ താത്പര്യം ഉറപ്പാക്കുന്നതെന്ന് ശിവസേന പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉവൈസിയും വ്യക്തമാക്കി.

Next Story

RELATED STORIES

Share it