Sub Lead

തായ്‌വാന് ചുറ്റും പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍; കാനഡയുടെ പടക്കപ്പല്‍ ഭയന്ന് സ്ഥലം വിട്ടു

തായ്‌വാന് ചുറ്റും പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍; കാനഡയുടെ പടക്കപ്പല്‍ ഭയന്ന് സ്ഥലം വിട്ടു
X

തായ്‌പെയ്: ഏഷ്യയിലെ യുഎസിന്റെ പ്രധാന സൈനികസഖ്യകക്ഷിയായ തായ്‌വാനു ചുറ്റും 24 ചൈനീസ് യുദ്ധവിമാനങ്ങള്‍ പറന്നതായി റിപോര്‍ട്ട്. തായ്‌വാന്‍ ഉള്‍ക്കടലിലൂടെ കടന്നുപോവുകയായിരുന്ന വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യമായ കാനഡയുടെ യുദ്ധക്കപ്പലിനോട് സ്ഥലം വിടാനും ചൈനീസ് യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടു. കാനഡയുടെ ഹാലിഫാക്‌സ് ക്ലാസ് യുദ്ധക്കപ്പല്‍ ഇതോടെ സ്ഥലം വിട്ടു. സൈനികപരിശീലന പരിപാടിയാണ് നടന്നതെന്ന് ചൈനീസ് സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം രണ്ടു യുഎസ് പടക്കപ്പലുകള്‍ ഈ കടലിലിടുക്കിലൂടെ കടന്നുപോയിരുന്നു. ഇതിനോട് ചൈന എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ 62 ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രദേശത്തുകൂടെ പറന്നതായി തായ്‌വാന്‍ സൈന്യം റിപോര്‍ട്ട് ചെയ്തു. തായ് വാന്‍ കടലിടുക്കിലെ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമിക്കുകയാണെന്ന് യുഎസ് സഖ്യകക്ഷിയായ ജപ്പാന്‍ ആരോപിച്ചു.

തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനക്കാരുടെ നിലപാട്. തായ്‌വാന്‍ ചൈനയില്‍ ചേരുന്നതിനിടെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തായ്‌വാന്‍ കടലിടുക്കിന് ഇരുവശവും ജീവിക്കുന്നവര്‍ ഒരു കുടുംബമാണ്. ഈ കുടുംബബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രപരമായ ലയനം ആര്‍ക്കും തടയാനും സാധിക്കില്ലെന്നും ഷി ജിന്‍പിങ് പറഞ്ഞു.

1894-1895 കാലത്ത് നടന്ന ആദ്യ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍, തായ്‌വാന്‍ ദ്വീപ് കീഴടക്കിയിരുന്നു. അതിന് മുമ്പ് വരെ പ്രദേശം ചൈനയിലെ ക്യുങ് രാജവംശത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. അതോടെ തായ്‌വാന്റെ നിയന്ത്രണം ജപ്പാന് നഷ്ടമായി. ഇതിന് ശേഷം ആഭ്യന്തരയുദ്ധത്തിലൂടെ മാവോ സേതുങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ചൈനയില്‍ അധികാരം പിടിച്ചു.

മാവോയുടെ സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ട കിയാങ് കൈഷക് എന്ന നേതാവ് പതിനഞ്ച് ലക്ഷം അനുയായികള്‍ക്കൊപ്പം 1949ല്‍ തായ്‌വാനിലേക്ക് രക്ഷപ്പെട്ടു. അവര്‍ തായ്‌വാനില്‍ ഔദ്യോഗിക ചൈനയെന്ന പേരില്‍ ഭരണകൂടം സ്ഥാപിച്ചു. തായ്‌വാനാണ് യഥാര്‍ത്ഥ ചൈനയെന്നാണ് അവരുടെ വാദം. എന്നാല്‍, തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ വാദം. യുഎസും യൂറോപ്പുമാണ് തായ്‌വാന് സൈനിക പിന്തുണ നല്‍കുന്നത്. ഒരു നാള്‍ തായ്‌വാന്‍ ചൈനയില്‍ ചേരുമെന്നാണ് ചൈനയുടെ നിലപാട്.

Next Story

RELATED STORIES

Share it