Sub Lead

താലിബാനുമായി സൗഹൃദബന്ധത്തിന് തയ്യാറെന്ന് ചൈന; നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റഷ്യ

താലിബാനുമായി സൗഹൃദബന്ധത്തിന് തയ്യാറെന്ന് ചൈന; നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റഷ്യ
X

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണത്തെ അംഗീകരിച്ച് ചൈന. താലിബാനുമായി സൗഹൃദബന്ധത്തിനും സഹകരണത്തിനും തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് മാധ്യമങ്ങളെ അറിയിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയത്. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യരാജ്യമാണ് ചൈന. അഫ്ഗാന്‍ ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ ചൈന വിലമതിക്കുന്നു.

അഫ്ഗാനിസ്താനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നു. അഫ്ഗാനിസ്താനമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ചൈനയുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാമെന്ന പ്രതീക്ഷ താലിബാന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നെന്നും വക്താവ് പറഞ്ഞു.

അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്‌ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് പറഞ്ഞു. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനായി ചൈന സാമ്പത്തിക പിന്തുണയും നിക്ഷേപവും വാഗ്ദാനം ചെയ്തു. അതേസമയം, താലിബാനുമായുള്ള തങ്ങളുടെ ഭാവി നയതന്ത്രബന്ധം അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചിരിക്കുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിലെ റഷ്യന്‍ അംബാസഡര്‍ ചൊവ്വാഴ്ച കാബൂളില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തും. പുതിയ സര്‍ക്കാരിനെ അതിന്റെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കണോ എന്ന് തീരുമാനിക്കും. ഞങ്ങളുടെ അംബാസഡര്‍ താലിബാന്‍ നേതൃത്വവുമായി ബന്ധപ്പെടുന്നു.

നാളെ അദ്ദേഹം താലിബാന്‍ സുരക്ഷാ കോ-ഓഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തും- വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സമീര്‍ കാബുലോവ് തിങ്കളാഴ്ച ഏഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോസ്‌കോ അംബാസഡര്‍ ദിമിത്രി സിര്‍നോവും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ അഫ്ഗാന്‍ തലസ്ഥാനത്തെ റഷ്യന്‍ എംബസിക്ക് എങ്ങനെയാണ് സുരക്ഷ നല്‍കാന്‍ താലിബാന്‍ പദ്ധതിയിടുന്നതെന്നതില്‍ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയ്ക്ക് എംബസി ഒഴിപ്പിക്കാന്‍ പദ്ധതിയൊന്നുമില്ല എന്നാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തശേഷം സമീര്‍ കാബുലോവ് പറഞ്ഞത്. സമീപഭാവിയില്‍ അവര്‍ എത്രമാത്രം ഉത്തരവാദിത്തത്തോടെ രാജ്യം ഭരിക്കുന്നുവെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വം കാണും. ഫലങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ നേതൃത്വം ആവശ്യമായ നിഗമനങ്ങളിലെത്തിച്ചേരും- കാബുലോവ് പറഞ്ഞു.

സമീപവര്‍ഷങ്ങളില്‍ റഷ്യ താലിബാനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും മോസ്‌കോയില്‍ താലിബാന്‍ പ്രതിനിധികള്‍ക്ക് നിരവധി തവണ ആതിഥ്യം വഹിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, അഫ്ഗാന്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള തകര്‍ച്ചയും താലിബാന്റെ വന്‍ മുന്നേറ്റവും വാഷിങ്ടണിനെ ഞെട്ടിച്ചു. അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക തിടുക്കത്തില്‍ പിന്‍വാങ്ങുന്നത് നേതൃത്വത്തിന്റെ പരാജയമാണെന്ന് ചൈന ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നു. താലിബാന്റെ മുന്നേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പന്ത്രണ്ടോളം രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താന പുറത്തുവന്നിരുന്നു. യുഎസ്സിനു പുറമെ ജര്‍മനി കൂടുതല്‍ സൈനികരെ കാബൂളിലെ എംബസിലിലേക്ക് അയച്ചു.

എംബസിയില്‍ അത്യാവശ്യകാര്യങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഡെന്‍മാര്‍ക്ക് തങ്ങളുടെ എംബസിലെ രണ്ട് വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. എങ്കിലും എംബസി പ്രവര്‍ത്തനം തുടരും. തങ്ങളുടെ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാനികള്‍ക്ക് ഡെന്‍മാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തു. സ്‌പെയിന്‍ അഫ്ഗാന്‍കാരായ വിവര്‍ത്തകരെയും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ തയ്യാറായി. അവരുടെ പുതിയ അംബാസിഡര്‍ ഇതുവരെയും സ്ഥലത്തെത്തിയിട്ടില്ല. ഇറ്റലി യുഎസ്സുമായി കൂടിയാലോചനയിലാണ്. ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നോര്‍വെ കാബൂള്‍ എംബസി അടച്ചുപൂട്ടി. സ്വീഡന്‍ കഴിയാവുന്നിടത്തോളം കാലം എംബസി പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു. ഫിന്‍ലന്‍ഡ് എംബസി തുറന്നുപ്രവര്‍ത്തിക്കും. എംബസിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക് റെസിഡന്‍ഷ്യല്‍ വിസ നല്‍കും. ഇന്ത്യ കാബൂള്‍ എംബസി ഏത് സമയത്തും അടച്ചുപൂട്ടും. രണ്ട് വിമാനങ്ങളാണ് വിമാനത്താവളത്തില്‍ തയ്യാറായിക്കിടക്കുന്നത്. അത്തരമൊരു നിര്‍ദേശം എയര്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ തൊട്ടടുത്ത അയല്‍രാജ്യമായ പാകിസ്താന്‍ അധികാര മാറ്റത്തെ അടുത്തുനിന്ന് നോക്കിക്കാണുകയാണ്. അഫ്ഗാനിസ്താനിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളെ പാകിസ്താന്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും

വിദേശകാര്യ മന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു. കാബൂളിലെയും ഹെറാത്തിലെയും തങ്ങളുടെ എംബസി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ താലിബാനോട് ആവശ്യപ്പെട്ടു. തുര്‍ക്ക്‌മെനിസ്ഥാന്‍ താലിബാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. താലിബാന്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തയുടന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. സൗദി അറേബ്യ അഫ്ഗാനിസ്താന്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

അഫ്ഗാനിസ്താനുമായും താലിബാനുമായും സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. എന്നിരുന്നാലും 2018 ല്‍ ഖത്തറില്‍ താലിബാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിന് ശേഷം ബന്ധത്തില്‍ അകല്‍ച്ചയുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ ശേഷവും ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം സംരക്ഷിക്കാന്‍ തുര്‍ക്കി ശ്രമങ്ങള്‍ നടത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് സൈന്യത്തെ അയക്കരുതെന്ന് താലിബാന്‍ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാറ്റോ സഖ്യത്തിലെ അംഗമാണ് തുര്‍ക്കി.

Next Story

RELATED STORIES

Share it