Sub Lead

'ചൈനയില്‍ കൊറോണ വൈറസാണെങ്കില്‍ കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമം': പിഡിപി നേതാവ്

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത 'നയതന്ത്ര വിനോദയാത്ര'യാണ് വിദേശ പ്രതിനിധി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനമെന്നും അത് കശ്മീര്‍ ജനതയുടെ അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ലെന്നും ഫയസ് അഹമ്മദ് മിര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ കൊറോണ വൈറസാണെങ്കില്‍ കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമം: പിഡിപി നേതാവ്
X

ന്യൂഡല്‍ഹി: കശ്മീരില്‍ മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പൊതുസരുക്ഷാ നിയമം(പിഎസ്എ) ചുമത്തുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പിഡിപി നേതാവും രാജ്യസഭാ എംപിയുമായ ഫയസ് അഹമ്മദ് മിര്‍. പൊതുസുരക്ഷാ നിയമത്തെ കൊറോണ വൈറസിനോടാണ് അദ്ദേഹം താരതമ്യം ചെയ്തത്.

'ഈ രാജ്യത്ത് ഒരു ജനാധിപത്യമുണ്ട്. പക്ഷേ എന്തെങ്കിലും പറഞ്ഞാല്‍ പിഎസ്എ വൈറസ് അടിച്ചേല്‍പ്പിക്കും. ചൈനയില്‍ കൊറോണയാണെങ്കില്‍ ഇവിടെ ഇതാണ് പ്രശ്‌നം. അതുകൊണ്ടാണ് കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നത്. പിഎസ്എ നിയമം ചുമത്തി അറസ്റ്റ് ചെയ്തുകളഞ്ഞേക്കുമോ എന്ന ഭയമാണവര്‍ക്ക്,'അഹമ്മദ് മിര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പാര്‍ലമെന്റ് അംഗമായിരുന്നിട്ട് കൂടി തനിക്ക് പൊതുസുരക്ഷാ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നും മിര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മിര്‍ കുറ്റപ്പെടുത്തി. 'അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. പക്ഷേ കശ്മീരിലാവട്ടെ എല്ലാ മൂന്ന് മാസത്തിലും. കശ്മീരിലെ സ്ഥിതി എന്താണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാകും', മിര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ വിദേശ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തേയും ഫയസ് അഹമ്മദ് വിമര്‍ശിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത 'നയതന്ത്ര വിനോദയാത്ര'യാണ് വിദേശ പ്രതിനിധി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനമെന്നും അത് കശ്മീര്‍ ജനതയുടെ അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ലെന്നും ഫയസ് അഹമ്മദ് മിര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it