Sub Lead

തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
X

കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. അന്വേഷണസംഘം വീട്ടിലെത്തി ചിത്രം കാണിച്ചുകൊടുത്തപ്പോഴാണ് ഒരാളെ തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാറിനെ(52)യാണ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. നേരത്തേ പോലിസ് പുറത്തുവിട്ട രേഖാചിത്രത്തിലെ കണ്ണട ധരിച്ച, അല്‍പ്പം കഷണ്ടിയുള്ളയാളുമായി മികച്ച സാമ്യമുള്ളയാളാണ് പത്മാരജന്‍. ഇയാളുടെ ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരെന്നാണ് വിവരം. എന്നാല്‍, ഇവരെ ചിത്രം കണ്ട് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.45നാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്ന് മൂവരെയും പിടികൂടിയത്. രണ്ട് കാറുകള്‍ പിടിച്ചെടുത്തതായും സൂചനയുണ്ട്. കൊല്ലം കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. കൊതേരിയില്‍നിന്ന് കാറും കണ്ടെടുത്തിരുന്നു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കാരണമെന്നാണ് പോലിസ് നല്‍കുന്ന സൂചന. മൂവര്‍ക്കും കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം പോവുന്നതിനിടെ കാറില്‍ വലിച്ചുകയറ്റുകയായിരുന്നു. വിവരമറിഞ്ഞ് പോലിസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്തിയിരുന്നില്ല. പിറ്റേന്ന് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഓട്ടോയിലെത്തിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ കാരണങ്ങളോ പ്രതികളെയോ കണ്ടെത്താനാവാത്തതില്‍ പോലിസിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെങ്കാശിയില്‍ നിന്ന് മൂന്നുപേരെ പിടികൂടിയത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോവലിനു പിന്നിലെന്നാണ് വിവരം. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ഇതിനിടെ, പിടിയിലായവരുടെ ചാത്തന്നൂരിലെ വീട്ടില്‍ പോലിസ് സംഘം പരിശോധന നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it