Sub Lead

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ്

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ്
X

ന്യൂഡല്‍ഹി: പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം നടത്താന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവന്ന ശേഷം ആദ്യമായി അന്വേഷണത്തിന് ഉത്തരവിടുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ചാര സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്ന ഇസ്രായേല്‍ ടെക് കമ്പനിയായ എന്‍എസ്ഒ പ്രതിനിധികള്‍ ബിജെപി ഭരണകാലത്ത് സംസ്ഥാനം സന്ദര്‍ശിച്ചതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. എന്‍എസ്ഒ പ്രതിനിധികള്‍ ആരെയാണ് കണ്ടുമുട്ടിയതെന്നും ബിജെപി സര്‍ക്കാരുമായി അവര്‍ എന്ത് ഇടപാടാണ് നടത്തിയതെന്നും അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്നും റായ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കരാര്‍ എന്തായിരുന്നുവെന്നും ആരെയാണ് കണ്ടുമുട്ടിയതെന്നും മുന്‍ മുഖ്യമന്ത്രി രമണ്‍സിങ് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

നിരവധി ദലിത് അവകാശ അഭിഭാഷകരുടെയും സംസ്ഥാനത്തെ ആക്റ്റിവിസ്റ്റുകളുടെയും ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി 2019ല്‍ വാട്‌സ്ആപ്പ് വിവരം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം), റായ്പൂര്‍ ഐജി, പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ സമിതി ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ 300 ഇന്ത്യന്‍ പൗരന്‍മാരുടെയെങ്കിലും വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്‌തെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത്തരം സോഫ്റ്റ് വെയര്‍ രാജ്യങ്ങള്‍ക്കു മാത്രമാണ് കൈമാറുന്നതെന്ന് ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു.

Chhattisgarh first State to order probe into Pegasus row


Next Story

RELATED STORIES

Share it