Sub Lead

വനിതകളോട് കേന്ദ്രം കാണിക്കുന്നത് ലിംഗവിവേചനവും ഭരണഘടനാ വിരുദ്ധവും; സൈന്യത്തിലെ വനിതകള്‍ക്ക് ഉന്നത പദവി നല്‍കണം: സുപ്രിംകോടതി

കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും വനിതകളോടുള്ള വിവേചനമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു.

വനിതകളോട് കേന്ദ്രം കാണിക്കുന്നത് ലിംഗവിവേചനവും ഭരണഘടനാ വിരുദ്ധവും; സൈന്യത്തിലെ വനിതകള്‍ക്ക് ഉന്നത പദവി നല്‍കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സൈന്യത്തില്‍ കമാന്‍ഡരടക്കമുള്ള ഉന്നത പദവികളില്‍ വനിതകളെ നിയമിക്കണമെന്ന് സുപ്രിം കോടതി. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗ വിവേചനം പാടില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും വനിതകളോടുള്ള വിവേചനമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. കരസേനയിലെ എല്ലാ വനിതാ ഓഫിസര്‍മാര്‍ക്കും അവരുടെ സേവന വര്‍ഷങ്ങള്‍ കണക്കിലെടുക്കാതെ സ്ഥിരം കമ്മീഷന്‍ നല്‍കേണ്ടതുണ്ടെന്ന് സുപ്രിം കോടതി അറിയിച്ചു. മൂന്നുമാസത്തിനകം ഇതിന്റെ നിര്‍ദേശം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

കരസേനയിലെ സ്ത്രീകള്‍ക്കെതിരെ പുരുഷ ഓഫിസര്‍മാര്‍ക്ക് തുല്യമായി കമാന്‍ഡ് നിയമനങ്ങള്‍ ലഭിക്കുന്നതിനെതിരേ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. കരസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ 14 വര്‍ഷം സേവനമനുഷ്ഠിച്ച സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കാനുള്ള അപേക്ഷയും ഉന്നത കോടതി പരിഗണിച്ചിരുന്നു.

ഡല്‍ഹി ഹൈക്കോടതിയുടെ 2010 ലെ വിധി ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സമര്‍പ്പിച്ചത്. കരസേനയിലെയും വ്യോമസേനയിലെയും വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഹ്രസ്വസേവനത്തിന് സ്ഥിരമായ കമ്മീഷന്‍ നല്‍കണമെന്ന് വിധിച്ചിരുന്നു. 14 വര്‍ഷം വരെ സേവനമുള്ള ഹ്രസ്വസേവന കമ്മീഷന്‍ ചെയ്ത വനിതാ ഓഫിസര്‍മാരെ സ്ഥിരം കമ്മീഷനായി പരിഗണിക്കുമെന്ന നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചു.സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമാണ്. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മില്‍ ബന്ധമില്ല. കമാന്‍ഡിങ് പദവി അടക്കമുള്ളവയില്‍ നിന്ന് വനിതകളെ ഒഴിവാക്കുന്നത് ലിംഗ നീതിക്കും ലിംഗ സമത്വത്തിനും എതിരാണ്. വനിതകളെ സേനയിലെ കമാന്‍ഡിങ് ഓഫിസര്‍മാരായി സ്വീകരിക്കാന്‍ പ്രധാനമായും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നെത്തിയ സേനാംഗങ്ങള്‍ മാനസികമായി തയ്യാറായിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഹര്‍ജിയില്‍ പറഞ്ഞത്. സ്ത്രീകളുടെ ശാരീരിക പരിമിതികള്‍ കാരണം അവര്‍ക്ക് സൈന്യത്തിലെ സ്ഥിരം ജോലികള്‍ നിര്‍വഹിക്കാന്‍ പരിമിതികളുണ്ടെന്നും പ്രസ്തുത ഹര്‍ജയില്‍ വാദിച്ചിരുന്നു.


Next Story

RELATED STORIES

Share it