Sub Lead

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ശുപാര്‍ശ

നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി സമര്‍പ്പിച്ചത്.

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ശുപാര്‍ശ
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ. നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഹൈദരാബാദില്‍ നടന്ന സമാന ബലാല്‍സംഗക്കേസിലെ പ്രതികളെ പോലിസ് വിവാദ ഏറ്റുമുട്ടലിലിലൂടെ കൊലപ്പെടുത്തിയതിനു പിന്നാലെ നീതി ആവശ്യപ്പെട്ട് ഇരയുടെ കുടുംബം മുന്നോട്ട് വന്ന ദിവസമാണ് കേന്ദ്രം ശുപാര്‍ശ സമര്‍പ്പിച്ചത്.

പ്രതി നല്‍കിയ ദയാഹര്‍ജി നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന് രേഖാമൂലം ശുപാര്‍ശ നല്‍കി. ഗവര്‍ണര്‍ ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയത്.

ദയാഹര്‍ജി തളളണം എന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബവും രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നീതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതി ദയാഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് നിര്‍ഭയയുടെ കുടുംബം ആരോപിക്കുന്നത്. ബലാത്സംഗക്കേസുകളിലെ പ്രതികളോട് ദയ പാടില്ലെന്നും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹത ഇല്ലെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രതികരിച്ചിരുന്നു. 2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ദിവസങ്ങളോളം അവള്‍ മരണത്തോട് മല്ലിട്ടു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്.

പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത യുവാവ് അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ പ്രതികളെ ജയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ തൂക്കിലേറ്റിയേക്കും.


Next Story

RELATED STORIES

Share it