Sub Lead

ഭീമാ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ചുമത്തിയ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം

ഭീമാ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു
X

ന്യൂഡല്‍ഹി: 2018ലെ ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. മഹാരാഷ്ട്രയിലെ പൂനെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അവലോകനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശിവസേന നേതാവ് ഉദ്ദവ് താക്കറെ സര്‍ക്കാരുമായി മറ്റൊരു ഏറ്റുമുട്ടലിലേക്കാണ് വഴിതെളിയിക്കുന്നത്. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ചുമത്തിയ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, ഭീമാ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറുന്നത് ഭരണഘടാവിരുദ്ധമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് തീരുമാനം. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന് മഹാരാഷ്ട്ര ഭവന മന്ത്രി ജിതേന്ദ്ര അഹാദ് പറഞ്ഞു. കേസ് ഏറ്റെടുക്കാനുള്ള കേന്ദ്രത്തിന്റെ നേരിട്ടുള്ള നടപടി ഭരണഘടനയെ അവഹേളിക്കുന്നതിനു തുല്യമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഭരണഘടനയില്‍ വ്യക്തമായി പറയുന്നു. ക്രമസമാധാനം സംസ്ഥാനത്തിനും പ്രതിരോധം കേന്ദ്രസര്‍ക്കാരിനുമാണ്. എന്നാല്‍, കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ വിഷയങ്ങളില്‍ ഇടപെടുന്നത് ഭരണഘടനാ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര തീരുമാനത്തെ പിന്തുണച്ചു. തന്റെ പിന്‍ഗാമിയായ ഉദ്ദവ് താക്കറെ രാഷ്ട്രീയ കാരണങ്ങളാല്‍ കേസില്‍ നിന്നു ചില നഗര നക്‌സലുകളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര പോലിസ് അന്വേഷണം നടത്തി നഗര നക്‌സലുകളെ തുറന്നുകാട്ടിയിരുന്നു. സുപ്രിം കോടതി പോലും മഹാരാഷ്ട്ര പോലിസിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചിലര്‍ വോട്ടിനു വേണ്ടി പോലിസിനെ വിമര്‍ശിക്കുകയാണ്. ചില കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചില കുറ്റപത്രത്തങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതായും ഫഡ്‌നാവിസ് ആരോപിച്ചു.

ദലിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദലിതുകള്‍ വിജയിച്ചതിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിനു പൂനെ ജില്ലയിലെ ഭീമാ കൊറെഗാവില്‍ നടന്ന പരിപാടിയില്‍ സംഘര്‍ഷമുണ്ടായെന്ന് ആരോപിച്ചാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചത്. 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പാരീസില്‍ പ്രസംഗിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരേ പോലും പൂനെ പോലിസ് കേസെടുത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇവരുടെ പ്രസംഗമാണ് സംഘര്‍ഷത്തിനു കാരണമെന്ന് പറഞ്ഞ് യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ പരിപാടിയുടെ സംഘാടകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തത്.




Next Story

RELATED STORIES

Share it