ഭാരത് രത്‌നയ്‌ക്കെതിരേ വിമര്‍ശനം: മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കെതിരേ കേസ്

ഭുപന്‍ ഹസാരികയെ അപമാനിക്കുകയും അസം ജനതയെ വേദനിപ്പിക്കുകയും ചെയ്തതിനാണു കേസ്

ഭാരത് രത്‌നയ്‌ക്കെതിരേ വിമര്‍ശനം: മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കെതിരേ കേസ്

മൊറിഗാവ്: ഭാരത് രത്‌ന അവാര്‍ഡ് ജേതാവ് അസമിലെ സംഗീതജ്ഞന്‍ ഭുപന്‍ ഹസാരികയെ അപഹസിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കെതിരേ കേസെടുത്തു. ഭുപന്‍ ഹസാരികയെ അപമാനിക്കുകയും അസം ജനതയെ വേദനിപ്പിക്കുകയും ചെയ്തതിനാണു കേസ്. മൊറിഗോവ് ജില്ലയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു മഹന്തയുടെ പരാതിയിലാണ് നടപടി. കര്‍ണാടകയിലെ ആത്മീയ നേതാവ് ഡോ. ശിവകുമാക സ്വാമിക്കു മരണാനന്തര ബഹുമതി നല്‍കാതെ സംഗീതജ്ഞനു നല്‍കിയതിനെ ഖാര്‍ഗേ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന നേതാവായ ഹിമാന്ത ബിശ്വ ശര്‍മ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കെതിരേ രംഗത്തെത്തുയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭാരത് രത്‌നയെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവാദമായതോട കൂടുതല്‍ വിശദീകരണവുമായി ഖാര്‍ഗേ തന്നെ രംഗത്തെത്തി. ഡോ. ഭുപന്‍ ഹസാരിക രാജ്യത്തെ മികച്ച സംഗീതജ്ഞരില്‍ ഒരാളാണെന്നും അസാധാരണ കഴിവുകളുള്ള കവിയും സാഹിത്യകാരനും സിനിമകള്‍ക്കും കലയ്ക്കും നിരവധി സംഭാവന നല്‍കിയ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകള്‍ അസമിന്റെ കലയെയും സംസ്‌കാരത്തെയും ലോകത്തിനു മുന്നിലെത്തിച്ചു. രാജ്യത്തെ സ്വാധീനിച്ച കലാകാരനാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തേ ഭാരത് രത്‌ന അവാര്‍ഡ് ജേതാവിനെ അവഹേളിച്ചെന്നാരോപിച്ച് അസം ഗായകന്‍ സുബിന്‍ ഗാര്‍ഗിനെതിരേയും കേസെടുത്തിരുന്നു.
RELATED STORIES

Share it
Top