Sub Lead

ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ശിക്ഷ പറ്റ്‌ന ഹൈക്കോടതി റദ്ദാക്കി

ഭാര്യയെ ഭൂതം, പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ശിക്ഷ പറ്റ്‌ന ഹൈക്കോടതി റദ്ദാക്കി
X
പറ്റ്‌ന: ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ 'ഭൂതം' അഥവാ പ്രേതം അല്ലെങ്കില്‍ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പറ്റ്‌ന ഹൈക്കോടതി. വൈവാഹിക ബന്ധങ്ങളില്‍, പ്രത്യേകിച്ച് പരാജയപ്പെട്ട വിവാഹബന്ധങ്ങളില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ വൃത്തികെട്ട ഭാഷയില്‍ പരസ്പരം അധിക്ഷേപിക്കുന്ന സംഭവങ്ങളുണ്ടെങ്കിലും, അത്തരം ആരോപണങ്ങളെല്ലാം ക്രൂരതയുടെ കണക്കില്‍ വരുന്നില്ലെന്നും ജസ്റ്റിസ് ബിബേക് ചൗധരി അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഐപിസി 498 എ, സ്ത്രീധന നിരോധന നിയമം 1961 ലെ സെക്ഷന്‍ 4 എന്നിവ പ്രകാരം ഭര്‍ത്താവിന്റെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

നളന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി ശരിവച്ച ബിഹാര്‍ഷരീഫിലെ നളന്ദ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് നടപടി. ഭാര്യാപിതാവ് 1994ലാണ് നവാഡയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ മകള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി 11 പേര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കോടതിയും അപ്പീല്‍ കോടതിയും ഒന്നര വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചു. തുടര്‍ന്നാണ് ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധനം ആരാണ് ആവശ്യപ്പെട്ടത്, എപ്പോഴാണ് ആവശ്യപ്പെട്ടത്, എങ്ങനെയാണ് ഭാര്യ പീഡിപ്പിക്കപ്പെട്ടത് എന്നീ കാര്യങ്ങളില്‍ പരാതിയില്‍ വ്യക്തതയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല, ഭര്‍ത്താവ് തന്നോട് ചെയ്തതായി ആരോപിക്കപ്പെടുന്ന ഇത്തരം പീഡനങ്ങള്‍ക്ക് അവള്‍ ഒരിക്കലും ചികില്‍സ തേടിയിട്ടില്ലെന്നും വാദിച്ചു. എന്നാല്‍, പരാതിക്കാര്‍ ഭര്‍ത്താവും അവരുടെ കുടുംബാംഗങ്ങളും അവളെ 'ഭൂതം'(പ്രേതം), 'പിശാച്ച്' എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും അങ്ങനെ ചെയ്യുന്നത് ക്രൂരതയാണെന്നുമായിരുന്നു മാദം.

എന്നാല്‍, ഭാര്യയെ 'ഭൂതം' എന്നും 'പിശാച്' എന്നും വിളിച്ച് ഭര്‍ത്താവ് ഭാര്യയോട് ക്രൂരത കാട്ടിയെന്ന വാദം തുടക്കത്തില്‍ തന്നെ കോടതി തള്ളി. പീഡനവിവരം പിതാവിനെ കത്തുകളിലൂടെ അറിയിച്ചതായി ഭാര്യ തെളിവെടുപ്പില്‍ പറഞ്ഞിരുന്നെങ്കിലും കേസിന്റെ വിചാരണ വേളയില്‍ ഒരു കത്ത് പോലും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനോ കുടുംബാംഗങ്ങള്‍ക്കോ എതിരെ പ്രത്യേക ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമുള്ള കേസ് ഇരുകക്ഷികളും തമ്മിലുള്ള വ്യക്തിപരമായ പകയുടെയും അഭിപ്രായവ്യത്യാസത്തിന്റെയും ഫലമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it