കോഴിക്കോട് ഇരട്ട സ്‌ഫോടനം: 13 വര്‍ഷത്തിനു ശേഷം എട്ടാംപ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട് ഇരട്ട സ്‌ഫോടനം: 13 വര്‍ഷത്തിനു ശേഷം എട്ടാംപ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ 13 വര്‍ഷത്തിനു ശേഷം എട്ടാംപ്രതി അറസ്റ്റില്‍. സംഭവ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തലശ്ശേരി പെരിന്തലേരി കൊയ്യം മഞ്ചക്കാട് പുതിയപുരയില്‍ പി പി യൂസുഫി(36)നെയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് വരുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ന്യൂഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയശേഷം നാളെ കൊച്ചിയിലെത്തിച്ച് റിമാന്റ് ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് കേസിലെ മറ്റൊരു പിടികിട്ടാപ്പുള്ളിയായ തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസ്ഹറിനെ എന്‍ഐഎ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ അസ്ഹറും 12 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരമധ്യത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലും സമീപത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും ഇടവിട്ട സമയങ്ങളില്‍ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. കേസിലെ പ്രധാന പ്രതികളും ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുമായ കണ്ണൂര്‍ സിറ്റിയിലെ തടിയന്റവിട നസീര്‍, തയ്യിലിലെ ഷഫാസ് എന്നിവരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് യൂസുഫിനെതിരായ കുറ്റം.
RELATED STORIES

Share it
Top