Sub Lead

പൗരത്വ പ്രക്ഷോഭങ്ങള്‍ ബിജെപിയുടെ അടിവേരറുക്കും: എം കെ മനോജ് കുമാര്‍

അംബേദ്കര്‍ സ്‌ക്വയര്‍ രണ്ടാം ദിന പരിപാടികള്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

പൗരത്വ പ്രക്ഷോഭങ്ങള്‍ ബിജെപിയുടെ അടിവേരറുക്കും:   എം കെ മനോജ് കുമാര്‍
X

ആലുവ: പൗരത്വ പ്രക്ഷോഭത്തെ വെടിയുണ്ടകള്‍ കൊണ്ട് തകര്‍ക്കാനാവില്ലെന്നും രാജ്യമെമ്പാടും ശക്തിപ്പെടുന്ന സമരങ്ങള്‍ ബിജെപിയുടെ അടിവേരറുക്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആലുവ ബാങ്ക് ജങ്ഷനില്‍ സ്ഥാപിച്ച അഞ്ചുദിവസം നീണ്ട് നില്‍ക്കുന്ന അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാന്മണിക്കല്‍ രാജ്യം എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാമെന്ന വ്യാമോഹത്തിലാണ് എന്‍ആര്‍സി നടപ്പാക്കാന്‍ ബിജെപി ധൃതികൂട്ടിയത്. എന്നാല്‍, അത് സംഘപരിവാറിനെതിരേ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ കാരണമായി. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം വെറുപ്പിന്റേയും വിഭജനത്തിന്റേതുമാണ്. ഒരു നൂറ്റാണ്ട് കാലമായി അതിന്റെ കെടുതികള്‍ രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് മോഡലില്‍ സ്‌റ്റേറ്റിന്റെ പിന്തുണയോടെയാണ് സംഘപരിവാര്‍ ഡല്‍ഹിയില്‍ നരനായാട്ട് നടത്തിയത്. ഇനിയൊരു ഏകപക്ഷീയ കലാപം ഉണ്ടാവാതിരിക്കാന്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണം. ആര്‍എസ്എസിന്റെ മനു വാദത്തെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് കേരളത്തിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനം. സംഘപരിവാറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ കണ്ണടക്കുകയും അടിസ്ഥാന ജനവിഭാഗം നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയുമാണ്. ബിജെപിയെ കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് സിപിഎമ്മാണെന്നു അദ്ദേഹം ആരോപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, സാമൂഹിക നിരീക്ഷകന്‍ അനില്‍ കുമാര്‍ സംസാരിച്ചു. സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, എന്‍ കെ നൗഷാദ്, ഷിഹാബ് വല്ലം, മീരാന്‍ മുളവൂര്‍, പ്രഫ. അനസ്, ഇബ്രാഹീം പായിപ്ര നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിയാളുകള്‍ വിവിധ രൂപത്തിലുള്ള സമര ആവിഷ്‌കാരങ്ങള്‍ നടത്തി.

അംബേദ്കര്‍ സ്‌ക്വയര്‍ രണ്ടാം ദിന പരിപാടികള്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി എം മൂസ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷീബ സഗീര്‍, സൈനുദ്ദീന്‍ പള്ളിക്കര, സനൂജ ചേലക്കുളം, അബുലൈസ്, സനൂപ് പട്ടിമറ്റം സംസാരിച്ചു. വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് അംബേദ്കര്‍ സ്‌ക്വയര്‍ ശ്രദ്ധേയമായി.



Next Story

RELATED STORIES

Share it