Sub Lead

യുപിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ അതിക്രമം: ഹരജി നല്‍കിയ യുവാവിന്റെ വീട്ടില്‍ പോലിസ് വെടിവയ്പ്പ്

പോലിസ് വീട്ടില്‍ അതിക്രമിച്ച് കയറി മാതാവിന്റെ മുഖത്തടിക്കുകയും ഇത് ചോദ്യം ചെയ്ത സഹോദരന്‍ മെഹ്താബിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതെന്ന് ഷെഹ്‌സാദ് തേജസ് ന്യൂസിനോട് പറഞ്ഞു.

യുപിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ അതിക്രമം:  ഹരജി നല്‍കിയ യുവാവിന്റെ വീട്ടില്‍ പോലിസ് വെടിവയ്പ്പ്
X

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പോലിസ് വെടിവെയ്പ്പ്. 29ന് രാത്രി ഒന്നരയോടെയാണ് ഗാസിയാബാദിലെ മുറാദ് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദിന്റെ നേക്പൂര്‍ സാബിത് നഗറിലുള്ള വീട്ടില്‍ 20 ഓളം വരുന്ന പോലിസ് സംഘമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സംഭവ സമയത്ത് ഷെഹ്‌സാദ് ഗാസിയാബാദിലെ തന്നെ ലോണിയിലുള്ള ഭാര്യ വീട്ടിലായിരുന്നു. മുറാദ് നഗര്‍ എസ്എച്ച്ഒ ഭൂപേന്ദ്ര, എസ്‌ഐമാരായ ലളിത്, നരേന്ദ്ര എന്നിവര്‍ അടങ്ങിയ സംഘമാണ് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാവിന്റെ മുഖത്തടിക്കുകയും ഇത് ചോദ്യം ചെയ്ത സഹോദരന്‍ മെഹ്താബിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതെന്ന് ഷെഹ്‌സാദ് തേജസ് ന്യൂസിനോട് പറഞ്ഞു.

സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന് മൂത്ത സഹോദരന്‍ റിയാസുദ്ധീന്‍ മെഹ്താബിനെ പിടിച്ച് തള്ളിയതിനാല്‍ മാത്രമാണ് വെടിയുണ്ട ശരീരത്തില്‍ തറക്കാതിരുന്നതെന്ന് ഷെഹ്‌സാദ് പറഞ്ഞു. എസ്‌ഐ നരേന്ദ്രയാണ് വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് തന്റെ മറ്റു രണ്ടു സഹോദരങ്ങളായ മുഹമ്മദ് ആസാദ്, മുഹമ്മദ് നദീം എന്നിവരെ പിടിച്ചു കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ആസാദിനെ 18 മണിക്കൂറിന് ശേഷം വിട്ടയക്കുകയും മുഹമ്മദ് നദീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചുവെന്നും ഷെഹ്‌സാദ് പറഞ്ഞു. സംഭവത്തില്‍ പോലിസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷെഹ്‌സാദ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, ഉത്തര്‍ പ്രദേശ് ഡിജിപി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it