Sub Lead

തലശ്ശേരി പെരിങ്ങാടിയില്‍ ബോംബുകള്‍ പൈപ്പിലാക്കി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള അഞ്ച് ബോംബുകള്‍

തലശ്ശേരി പെരിങ്ങാടിയില്‍ ബോംബുകള്‍ പൈപ്പിലാക്കി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള അഞ്ച് ബോംബുകള്‍
X

തലശ്ശേരി: പെരിങ്ങാടിയില്‍ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍നിന്ന് ബോംബുകള്‍ പൈപ്പിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉഗ്രസ്‌ഫോടകശേഷിയുള്ള അഞ്ച് ബോംബുകളാണ് കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ വിപിനും സംഘവും രഹസ്യവിവരത്തെത്തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ തിരച്ചിലിനെത്തിയത്. കാടുമൂടി കിടന്ന പറമ്പില്‍ പക്ഷേ ഒന്നും കണ്ടെത്താനായില്ല. തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ തിണ്ടിനോട് ചേര്‍ന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ച നിലയില്‍ അസി. എസ്‌ഐ അനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ മണ്ണെടുത്തപ്പോള്‍ ഉള്ളിലേക്ക് പോയ നിലയില്‍ പൈപ്പ് കാണപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സമീപത്തു നിന്നും ജെ.സി.ബി യെത്തിച്ച് മണ്ണെടുത്തപ്പോള്‍ രണ്ടര അടി നീളമുള്ള പൈപ്പിനടിയില്‍ 200 എംഎം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തുകയും ചെയ്തു. ഈ പൈപ്പ് രണ്ട് ഭാഗവും മൂടിയ നിലയിലായിരുന്നു. ഇതിനിടെ വിവരമറിയിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡാണ് ഈ പൈപ്പില്‍നിന്നും അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. വീടുകള്‍ക്ക് മുന്നില്‍ ദിനപത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്ര സ്‌ഫോടക ശക്തിയേറിയ ബോംബുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.

തൊട്ടടുത്ത പറമ്പുകളില്‍ ഡോഗ് സ്‌കോഡ് പരിശോധന നടത്തി. തലശ്ശേരിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ്സും ബിജെപിയും കഴിഞ്ഞ കുറച്ച് നാളുകളായി ശ്രമം നടത്തിവരികയാണ്. കഴിഞ്ഞയാഴ്ച തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് കെ ടി ജയകൃഷ്ണന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബലിദാന ദിന പ്രകടനത്തിനിടെയാണ് ആര്‍എസ്എസ്സുകാര്‍ മതസ്പര്‍ധ പരത്തുന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്കുവിളികള്‍ കേള്‍ക്കില്ലെന്നുമായിരുന്നു ഭീഷണി.

ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജ്ഞിത്ത്, കെ പി സദാനന്ദന്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇതിനുശേഷവും തലശ്ശേരിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ബോംബുകളും കണ്ടെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it