Sub Lead

രാഹുലിന് നന്ദി ഒന്നാംപേജില്‍; മാതൃഭൂമിക്ക് അപ്രഖ്യാപിത വിലക്കുമായി ബിജെപി; പ്രാകൃത നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രം കത്തിച്ചിരിക്കുന്നത്.

രാഹുലിന് നന്ദി ഒന്നാംപേജില്‍; മാതൃഭൂമിക്ക് അപ്രഖ്യാപിത വിലക്കുമായി ബിജെപി; പ്രാകൃത നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
X

കോഴിക്കോട്: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് 'നന്ദി' തലക്കെട്ട് നല്‍കിയ മാതൃഭൂമി ദിനപത്രം കത്തിച്ചും ബഹിഷ്‌കരിച്ചും സംഘപരിവാര്‍ സംഘടനകള്‍. ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രം കത്തിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മാതൃഭൂമിക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം ആരംഭിച്ചത്.

ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത രീതിയും തലക്കെട്ടും ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ മാതൃഭൂമി ദിനപത്രം കത്തിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ച് പ്രസ്താവന പുറത്തിറക്കി.

ബിജെപി പ്രവര്‍ത്തകരാണ് പല ഇടങ്ങളിലായി പത്രം കത്തിച്ചത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ നടപടിയാണിത്. വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ട് നല്‍കണമെന്നും പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏത് വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. അതില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതിന്റെ പേരില്‍ പത്രം കത്തിക്കുന്നത് പോലെയുളള പ്രാകൃത നടപടികളെ ശക്തമായി അപലപിക്കുന്നതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്നാണ് രാഹുല്‍ സഭയില്‍ പറഞ്ഞത്. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ഈ പ്രസ്താവനയിലാണ് മാതൃഭൂമി 'നന്ദി' പറഞ്ഞതെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ ആരോപിച്ചത്. തുടര്‍ന്ന് അദേഹം പത്രം നിര്‍ത്തുന്നതായി കാട്ടി മാതൃഭൂമി എഡിറ്റര്‍ക്ക് കത്ത് അയച്ചിരുന്നു. പിന്നീട് ഈ കത്ത് തന്റെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് ബിജെപി അണികള്‍ മാതൃഭൂമിക്കെതിരെ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കുകയും പത്രം കത്തിക്കുകയും ചെയ്തത്.

നേരത്തെ എസ് ഹരീഷിന്റെ 'മീശ' നോവല്‍ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ ബിജെപി ബഹിഷ്‌കരണം നടത്തിയിരുന്നു. ഇതിന് എന്‍എസ്എസിന്റെ പിന്തുണകൂടി ലഭിച്ചതോടെ പരസ്യദാതാക്കള്‍ അടക്കം മാതൃഭൂമിയെ കൈവിട്ടു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് അവര്‍ മീശ വിഷയത്തില്‍ നിന്നും തലയൂരിയത്.


Next Story

RELATED STORIES

Share it