Sub Lead

പരാജയ ഭീതിയില്‍ ബിജെപി; ചെറുപാര്‍ട്ടികളെ പിടിക്കാന്‍ പരക്കംപാച്ചില്‍

എന്ത് വിട്ടുവീഴ്ച്ച ചെയ്തും എന്‍ഡിഎ സഖ്യം വിപുലീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. സര്‍വെ ഫലങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് ബിജെപി നേതൃത്വം തയ്യാറാകുന്നത്.

പരാജയ ഭീതിയില്‍ ബിജെപി; ചെറുപാര്‍ട്ടികളെ പിടിക്കാന്‍ പരക്കംപാച്ചില്‍
X

ന്യൂഡല്‍ഹി: സര്‍വേ ഫലങ്ങള്‍ മുഴുവന്‍ എതിരായതോടെ പരാജയ ഭീതിയിലായ ബിജെപി സഖ്യക്ഷികളെ തേടി പരക്കം പായുന്നു. എന്ത് വിട്ടുവീഴ്ച്ച ചെയ്തും എന്‍ഡിഎ സഖ്യം വിപുലീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. സര്‍വെ ഫലങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് ബിജെപി നേതൃത്വം തയ്യാറാകുന്നത്.

2014ല്‍ എന്‍ഡിഎ സഖ്യമായി മല്‍സരിച്ച ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ മട്ടുമാറുകയായിരുന്നു. അധികാരത്തിലേറിയ ബിജെപി സഖ്യകക്ഷികളെ മിക്കവയെയും ഒതുക്കി. ഇതോടെ പലരും പിണങ്ങി. ബിഹാറില്‍ അധികാരം പിടിക്കാന്‍ നിതീഷ് കുമാറിനോട് പിന്നീട് നരേന്ദ്രമോദിഅമിത്ഷാ സഖ്യം വിട്ടു വീഴ്ച ചെയ്തു.

എന്നാല്‍, 2014ല്‍ ആഞ്ഞടിച്ച നരേന്ദ്ര മോദി ഇഫക്ട് ഇത്തവണ ഇല്ലെന്ന് ബിജെപിക്ക് മനസിലായിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ ജനരോഷം മറികടക്കാന്‍ സഖ്യമില്ലാതെ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പിണങ്ങിയപ്പോയവരെയും പുതിയവരെയും ഒപ്പം കൂട്ടാനാണ് ബിജെപിയുടെ നീക്കം. ബിഹാറില്‍ നിതീഷ് കുമാറും രാംവിലാസ് പസ്വാനും ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കും.

സിറ്റിങ് സീറ്റുകള്‍ പോലും വേണ്ടെന്ന് വച്ചാണ് ബിജെപി നിതീഷ് കുമാറിനെ കൂടെ നിര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ തുല്യ സീറ്റുകള്‍ എന്ന ശിവസേനയുടെ ആവശ്യത്തിന് ഒടുവില്‍ ബിജെപി ഏകദേശം വഴങ്ങിയിരിക്കുകയാണ്. മുംബൈയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പഞ്ചാബില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ബിജെപി അകാലിദള്‍ കൂട്ടുകെട്ട് തുടരും.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിംഎംകെയുമായുള്ള ബിജെപിയുടെ സഖ്യനീക്കം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ചുവടുവയ്പാണ്. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ ഒപ്പം കൊണ്ടുവരാനുള്ള രഹസ്യനീക്കം ഇപ്പോഴും തുടരുന്നുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎയ്ക്ക് സഖ്യകക്ഷിയുണ്ട്.

സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സാകും കശ്മീരിലെ സഖ്യകക്ഷി. ബിജെപിയുടെ ഈ വിശാലസഖ്യ നീക്കം പ്രതിപക്ഷ ക്യാംപിനെയും മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ സഖ്യമാകാം ദേശീയതലത്തില്‍ വേണ്ടെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍, ദേശീയ സഖ്യമായി തന്നെ കൂട്ടുകെട്ട് വേണം എന്ന ചിന്ത ശക്തമായിട്ടുണ്ട്. ഇതിനായി കോണ്‍ഗ്രസും എസ്പി ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളും നീക്കം തുടങ്ങിയിട്ടുണ്ട്.

പൊതുമിനിമം പരിപാടി ആലോചിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഏറ്റവും വലിയ പാര്‍ട്ടിയെ, അല്ലെങ്കില്‍ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സഖ്യത്തെ രാഷ്ടപതി അധികാരമേല്‍ക്കാനായി ക്ഷണിക്കും. ത്രിശങ്കു സഭയെങ്കില്‍ എന്‍ഡിഎ, സംഖ്യ ഉയര്‍ത്തികാട്ടി ബിജെപിക്ക് ആദ്യ ചുവട് വയ്ക്കാന്‍ അവസരം കിട്ടിയേക്കും. ഇത് തടയാനാണ് ദേശീയ സഖ്യമെന്ന ആശയം പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ 50-50 എന്ന നിലയില്‍ പപ്പാതി വീതിക്കാനാണ് ബിജെപിയും ശിവസേനയും തീരുമാനമായിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം വച്ചു മാറാനും അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലെത്തിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ശിവസേനയെയും ബിജെപിയെയും തമ്മിലകറ്റിയത്. സഖ്യം വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ച ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു ശിവസേന. ഇതിന് ശേഷം വിശാല പ്രതിപക്ഷ സഖ്യങ്ങളിലും മറ്റ് പ്രതിപക്ഷ യോഗങ്ങളിലും അല്ലാതെയും എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ശിവസേന നടത്തിയത്.

Next Story

RELATED STORIES

Share it