Sub Lead

ജീവപര്യന്തം തടവ് ശിക്ഷ ഇളവില്ലാതെ മരണം വരെയാകണമെന്ന് ഉത്തരവിടാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ല: സുപ്രിംകോടതി

ജീവപര്യന്തം തടവ് ശിക്ഷ ഇളവില്ലാതെ മരണം വരെയാകണമെന്ന് ഉത്തരവിടാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന് ഉത്തരവിടാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് മാത്രമാണ് അധികാരമെന്ന് ജസ്റ്റിസുമാരായ എ അമാനുല്ല, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശാരീരിക ബന്ധത്തിന് വിസമ്മതിച്ച സ്ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയായ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ്.

കേസില്‍ വിചാരണക്കോടതി പ്രതിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. പ്രതി മരണം വരെ തടവില്‍ തുടരണമെന്നും ശിക്ഷാ ഇളവ് നല്‍കരുതെന്നും നിര്‍ദേശിച്ചു. ഇത് ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ് പ്രതി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ നോക്കുമ്പോള്‍ പ്രതി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതായി സുപ്രിംകോടതി പറഞ്ഞു. കേസിലെ സാഹചര്യങ്ങള്‍, മെഡിക്കല്‍ തെളിവുകള്‍, മരണമൊഴി, സാക്ഷി മൊഴികള്‍ എന്നിവ പ്രതി കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നു.

എന്നാല്‍, പ്രതിയെ ശിക്ഷിച്ച രീതി ശരിയായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ശിക്ഷകള്‍ വിധിക്കാന്‍ ഭരണഘടനാ കോടതികളായ ഹൈക്കോടതിക്കും സുപ്രിംകോടതിക്കും മാത്രമേ അധികാരമുള്ളൂയെന്നാണ് നിരീക്ഷണം. അതായത്, സിആര്‍പിസിയിലെ 432 മുതല്‍ 435 വരെയുള്ള വകുപ്പുകളും ഭരണഘടനയുടെ 72ഉം 161ഉം വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാ ഇളവ് അധികാരങ്ങള്‍ ഇല്ലാതാക്കാന്‍ വിചാരണക്കോടതിക്ക് കഴിയില്ലെന്ന്. ജീവപര്യന്തം തടവെന്നാല്‍ മരണം വരെ തടവാണ്. പക്ഷേ, സിആര്‍പിസി വ്യവസ്ഥ ചെയ്യുന്ന ശിക്ഷാ ഇളവുകള്‍ നിഷേധിക്കാന്‍ സെഷന്‍സ് കോടതിക്ക് കഴിയില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പ്രതി ജയിലില്‍ ചെലവഴിച്ച സമയത്തെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിക്കാനും വിചാരണക്കോടതിക്ക് കഴിയില്ല. തുടര്‍ന്ന് പ്രതിയുടെ ശിക്ഷ സുപ്രിംകോടതി വെറും ജീവപര്യന്തമാക്കി. സിആര്‍പിസിയിലെ ശിക്ഷാ ഇളവുകള്‍ ഇയാള്‍ക്ക് ബാധകമാക്കി. ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ഇയാള്‍ക്കും ബാധകമാകണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it