Sub Lead

അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ച യുവതികളെ ഭീഷണിപ്പെടുത്തി, എഴ് മണിക്കൂര്‍ തടഞ്ഞു വച്ചു

ഞങ്ങള്‍ ജനാധിപത്യപരമായ അവകാശം ഉപയോഗിച്ച് പ്രതിഷേധിച്ചപ്പോള്‍ ഇതാണ് പ്രതികരണമെങ്കില്‍ കശ്മീരിലും യുപിയിലും മറ്റും പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനമെന്തായിരിക്കും

അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ച യുവതികളെ ഭീഷണിപ്പെടുത്തി, എഴ് മണിക്കൂര്‍ തടഞ്ഞു വച്ചു
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ തങ്ങളെ ഏഴ് മണിക്കൂര്‍ വീട്ടില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി മലയാളി അഭിഭാഷക സൂര്യാ രാജപ്പന്‍. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് ഉപയോഗിച്ചത്. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കാനും പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും നീതിന്യായ സംവിധാനങ്ങള്‍ ഇടപെടണമെന്നും സൂര്യ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ നേടിയിരുന്നു. മലയാളിയായ സൂര്യ രാജപ്പനും ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിതയുമാണ് അമിത് ഷാക്കെതിരേ ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചത്.

പൗരത്വനിയമത്തിനായി അമിത് ഷായും ബിജെപി നേതാക്കളും തങ്ങള്‍ താമസിക്കുന്ന ലജ്പത് പ്രദേശത്ത് പ്രചരണത്തിന് എത്തിയപ്പോള്‍, ഇതാണ് നിയമത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരമെന്ന് തങ്ങള്‍ കരുതുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ആഭ്യന്തരമന്ത്രിയുടെ മുന്നില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമായാണ് ഇതിനെ കരുതിയതെന്ന് സൂര്യ പറയുന്നു.

താനും ഒപ്പം താമസിക്കുന്ന കൂട്ടുകാരിയും ചേര്‍ന്ന് വീട്ടിലുണ്ടാക്കിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് പ്രതിഷേധിച്ചതെന്ന് സൂര്യ ചൂണ്ടിക്കാട്ടി. ഷെയിം ഷാ, സിഎഎ, എന്‍ആര്‍സി, ജയ്ഹിന്ദ്, ആസാദി, നോട്ട് ഇന്‍ മൈ നെയിം എന്നിങ്ങനെ എഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങളും മുഴക്കി. എന്നാല്‍,ബാനറിലോ പ്രതിഷേധ മുദ്രാവാക്യത്തിലോ പ്രകോപനപരമായ ഒന്നും പാടില്ലെന്ന് ഞങ്ങള്‍ സുവ്യക്തമായി തീരുമാനിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ പ്രതിഷേധിച്ച ഉടനെ റാലിയില്‍ പങ്കെടുത്ത ആളുകള്‍ വളരെ രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി. മോശപ്പെട്ട പദപ്രയോഗങ്ങള്‍ കൊണ്ട് നേരിട്ടു. നൂറ്റി അമ്പതോളം പേര്‍ പ്രതിഷേധവുമായി മുകളിലത്തെ നിലയിലേക്ക് ഇരമ്പിയെത്തി. ബാല്‍ക്കണിയില്‍ കെട്ടിയ ബാനര്‍ വലിച്ചു കീറി. ഒരു കൂട്ടം ആളുകള്‍ ഭീഷണിയുമായി മുകളിലേക്ക് കയറി വന്ന് ഞങ്ങളുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങളെ പുറത്തിറക്കിവിട്ടില്ലെങ്കില്‍ വീട് തകര്‍ക്കുമെന്ന് ആക്രോശിച്ചതായും പ്രസ്താവനയില്‍ ആരോപിക്കുന്നു.

പ്രധാന കവാടങ്ങള്‍ അടച്ചതോടെ വീടിന് പുറത്തിറങ്ങാന്‍ വയ്യാത്ത നിലയിലായെന്ന് സൂര്യ പറഞ്ഞു. ഭയന്നു വിറച്ച ഞങ്ങള്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സുഹൃത്തുക്കള്‍ എത്തിയെങ്കിലും അവരെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. 3-4 മണിക്കൂറുകള്‍ ഞങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങി. ദീര്‍ഘനേരത്തെ പോലിസിന്റെ ശ്രമത്തിനൊടുവില്‍ എന്റെ അച്ഛനെ വീട്ടിനുള്ളില്‍ കടക്കാന്‍ അവര്‍ അനുവദിച്ചു. ഏഴ് മണിക്കൂറിന് ശേഷം വീട് തുറന്ന് ഞങ്ങള്‍ പുറത്തിറങ്ങി. പോലിസ് സംരക്ഷണത്തോടെ ഞങ്ങള്‍ വീട് വിട്ടു.

എന്നാല്‍, തങ്ങള്‍ വിദ്യാസമ്പന്നരായ യുവ പ്രൊഫഷണലുകളാണെന്നും രാജ്യതലസ്ഥാനത്തിന്റെ ഹൃദയത്തിലാണ് താമസിക്കുന്നതെന്നും അവര്‍ ഓര്‍ക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഞങ്ങള്‍ ജനാധിപത്യപരമായ അവകാശം ഉപയോഗിച്ച് പ്രതിഷേധിച്ചപ്പോള്‍ ഇതാണ് പ്രതികരണമെങ്കില്‍ കശ്മീരിലും യുപിയിലും മറ്റും പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനമെന്തായിരിക്കുമെന്ന് അത്ഭുതപ്പെടുന്നു. അവിടങ്ങളില്‍ സാധാരണജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it