Sub Lead

രാമക്ഷേത്രത്തിന് പണപ്പിരിവ്; ഡല്‍ഹി കലാപ മേഖലയില്‍ രഥയാത്രക്ക് ഒരുങ്ങി ബിജെപി

കഴിഞ്ഞ ഫെബ്രുവരിയിലാണ് 53 പേരുടെ മരണത്തിനിടയാക്കിയ മുസ്‌ലിം വിരുദ്ധ വംശീയാതിക്രമം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത്.

രാമക്ഷേത്രത്തിന് പണപ്പിരിവ്;  ഡല്‍ഹി കലാപ മേഖലയില്‍ രഥയാത്രക്ക് ഒരുങ്ങി ബിജെപി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മിക്കാന്‍ രാജ്യ വ്യാപകമായി പണപ്പിരിവ് നടത്തുന്ന സംഘപരിവാരം ഡല്‍ഹിയിലെ കലാപ മേഖലയില്‍ രഥയാത്രക്ക് ഒരുങ്ങുന്നു. രാമക്ഷേത്രത്തിനുള്ള പണപ്പിരിവിന്റെ ഭാഗമായാണ് രഥയാത്ര. കലാപം ആളിക്കത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എം.പി യായ മനോജ് തിവാരിയാണ് തന്റെ മണ്ഡലത്തില്‍ രഥയാത്ര നടത്തുന്നത്.

ശ്രീ രാമജന്മഭൂമി നിര്‍മാണ് നിധി അഭിയാന്‍ എന്ന് പേരിട്ട യാത്ര തന്റെ പിറന്നാള്‍ ദിനമായ ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരി പറഞ്ഞു.

'രാമക്ഷേത്ര നിര്‍മാണത്തിനായി സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഞാന്‍ സംഭാവന സ്വീകരിക്കും. ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ള ഒരുപാട് പേര്‍ക്ക് സംഭാവന നല്കാന്‍ താല്പര്യമുണ്ട്. ഞാന്‍ അവരുടെ വീടുകളിലും കടകളിലുമെല്ലാം സന്ദര്‍ശനം നടത്തും'. തിവാരി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 53 പേരുടെ മരണത്തിനിടയാക്കിയ മുസ്‌ലിം വിരുദ്ധ വംശീയാതിക്രമം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത്. തിമര്‍പൂരില്‍നിന്നും ആരംഭിച്ചു ചാന്ദ് ബാഗിലും യമുനാ വിഹാറിലുമെത്തുന്ന തരത്തിലാണ് യാത്രയുടെ ആദ്യ ദിനം ആലോചിക്കുന്നതെന്നു ബിജെപി നേതാവും തിവാരിയുടെ സഹായിയുമായ നീലാകാന്ത് ബക്ഷി പറഞ്ഞു. ബാക്കിയുള്ള ദിവസത്തെ പരിപാടികളില്‍ തീരുമാനമായിട്ടില്ല. വംശീയാതിക്രമം നടന്ന ഇടങ്ങളിലൊന്നാണ് ചാന്ദ് ബാഗ്.

യാത്രക്കായി ഒമ്പത് സീറ്റുകളുള്ള ടെമ്പോ ട്രാവലറും തയ്യാറാക്കിയിട്ടുണ്ട്. രഥമാക്കി മാറ്റുന്ന വാനില്‍ രാമന്റെയും രാമക്ഷേത്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കും.

യാത്ര കടന്നു പോകുന്ന ഇടങ്ങളില്‍ നിന്നും പരമാവധി സംഭാവന സ്വീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ബക്ഷി പറഞ്ഞു. എന്നാല്‍ പ്രദേശത്തെ സൗഹാര്‍ദ അന്തരീക്ഷത്തിനു ഒരു തരത്തിലുമുള്ള കോട്ടവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 1 മുതല്‍ 27 വരെ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന പണപ്പിരിവിന്റെ ഭാഗമാവുമെന്ന് ബിജെപി ഡല്‍ഹി ഘടകം വ്യക്തമാക്കിയിരുന്നു.

ഇത് പ്രകാരം, പണപ്പിരിവിനായി ഡല്‍ഹിയിലെ 43 ലക്ഷത്തോളം കുടുംബങ്ങള്‍ സന്ദര്‍ശിക്കും. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയെ കുറിച്ചും നിര്‍മാണ പദ്ധതിയെയും കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീടുകളിലെത്തും.

Next Story

RELATED STORIES

Share it