Sub Lead

15കാരിയെ ബലാല്‍സംഗം ചെയ്ത കേസ്: ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിനതടവും 10 ലക്ഷം പിഴയും

15കാരിയെ ബലാല്‍സംഗം ചെയ്ത കേസ്: ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിനതടവും 10 ലക്ഷം പിഴയും
X

വാരണസി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ യുപിയിലെ ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിനതടവും 10 ലക്ഷം പിഴയും ശിക്ഷ. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാംദുലാര്‍ ഗോണ്ടിനാണ് വെള്ളിയാഴ്ച എംപി/എംഎല്‍എമാര്‍ക്കായുള്ള അഡീഷനല്‍ ജില്ലാ ജഡ്ജി(ഒന്ന്) കോടതി ജഡ്ജി ഇഹ്‌സാനുല്ലാ ഖാന്‍ ശിക്ഷ വിധിച്ചത്. 2014ല്‍ 15 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗോണ്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഐപിസി സെക്ഷന്‍ 376, 506, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സത്യപ്രകാശ് ത്രിപാഠിയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സുപ്രിം കോടതിയുടെ 2013ലെ വിധി പ്രകാരം ഗോണ്ടിന് നിയമസഭാ അംഗത്വം നഷ്ടമാവുമെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ വികാസ് ശാക്യ പറഞ്ഞു. ഏതെങ്കിലും എംപിയോ എംഎല്‍എയോ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്നാണ് സുപ്രിംകോടതി വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാല്‍സംഗം), 506 (ക്രിമിനല്‍ ഭീഷണി), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം(പോക്‌സോ) നിയമപ്രകാരവും എംഎല്‍എ കുറ്റക്കാരനാണെന്ന് വികാസ് ശാക്യ കൂട്ടിച്ചേര്‍ത്തു. എട്ട് പ്രോസിക്യൂഷന്‍ സാക്ഷികളെയും മൂന്ന് പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. എംഎല്‍എയുടെ ശിക്ഷയില്‍ സംതൃപ്തി പ്രകടിപ്പിച്ച അതിജീവിതയുടെ സഹോദരന്‍, നിയമസഭാംഗമായ ശേഷവും ഗോണ്ട് കുടുംബത്തെ ഉപദ്രവിച്ചെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ രാംദുലാര്‍ ഗോണ്ടിന്റെ ഭാര്യ ഗ്രാമ പ്രധാനി ആയിരുന്നു. 2014 നവംബര്‍ 4ന് വൈകീട്ട് സമീപത്തെ വയലില്‍ പോയപ്പോഴാണ് ഗോണ്ട് പെണ്‍കുട്ടിയെ പിടികൂടി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുകയും കര്‍ഷകനായ തന്റെ സഹോദരനോട് ദുരനുഭവം വിവരിക്കുകയും ചെയ്തു. തന്നെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോണ്ട് പലതവണ ബലാല്‍സംഗം ചെയ്തിരുന്നതായും രക്ഷപ്പെട്ട യുവതി സഹോദരനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ മയോര്‍പൂര്‍ പോലിസാണ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയ് സിങിനെ 6,723 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് താമര അടയാളത്തില്‍ രാംദുലാര്‍ ഗോണ്ട് നിയമസഭയിലെത്തിയത്.

Next Story

RELATED STORIES

Share it