Sub Lead

കോണ്‍സ്റ്റബിളിനെ ഷൂകൊണ്ട് തല്ലി, മൂത്രം കുടിപ്പിച്ചു, മാല തട്ടിപ്പറിച്ചു; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

പോലിസ് കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജാറിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

കോണ്‍സ്റ്റബിളിനെ ഷൂകൊണ്ട് തല്ലി, മൂത്രം കുടിപ്പിച്ചു, മാല തട്ടിപ്പറിച്ചു; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
X

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പോലിസ് കോണ്‍സ്റ്റബിളിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഷൂകൊണ്ട് തല്ലുകയും സ്വര്‍ണമാല തട്ടിപ്പറിക്കുകയും ചെയ്ത ബിജെപി എംഎല്‍എയ്ക്കും അനുയായികള്‍ക്കുമെതിരേ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തു. പോലിസ് കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജാറിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

50,000 രൂപയ്ക്ക് മോഹിത്ത് വാങ്ങിയ ബൈക്കുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായത്. രാഹുല്‍ എന്നയാളില്‍ നിന്നാണ് മോഹിത്ത് ബൈക്ക് വാങ്ങിയത്. എന്നാല്‍ ഇതിന് മതിയായ രേഖകള്‍ രാഹുലിന്റെ പക്കലില്ലാത്തതിനാല്‍ മോഹിത്തിന് ബൈക്ക് തന്റെ പേരിലേക്ക് മാറ്റാനായില്ല. നിയമപ്രകാരമുളള രജിസ്‌ട്രേഷന്‍ രേഖയില്ലാത്തതാണ് ഇതിന് കാരണം. ഇതോടെ പണം തിരികെ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കുളള കാരണം. പണം തിരികെ ചോദിച്ചതിന് രാഹുല്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് മോഹിത് ഗുര്‍ജാര്‍ ആരോപിക്കുന്നു.

പണം ആവശ്യപ്പെട്ടപ്പോള്‍ പിലിഭിറ്റിലെ സമിതി ഗേറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ ലാല്‍ രജ്പൂത്തിന്റെ ബന്ധുവും മറ്റുചിലരും രാഹുലിനൊപ്പം മോഹിത്തിനെ കാത്തുനിന്നിരുന്നു. അവിടെയെത്തിയപ്പോള്‍ അവിടെക്കൂടിയവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്തു. കൂടാതെ തന്റെ സ്വര്‍ണമാലയും പേഴ്‌സും അവര്‍ മോഷ്ടിച്ചു -മോഹിത്ത് പറഞ്ഞു.

മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അസ്സം റോഡ് പോലിസ് സ്‌റ്റേഷനില്‍ ചെന്നുകയറിയെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയ എംഎല്‍എയും സംഘവും വീണ്ടും മര്‍ദ്ദിക്കുകയും ഷൂകൊണ്ട് അടിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ തന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചതായും മോഹിത്ത് വ്യക്തമാക്കി.

പോലിസ് ഓഫിസര്‍മാര്‍ നോക്കി നില്‍ക്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും എല്ലാവരും നിശബ്ദരായിരുന്നുവെന്നും മോഹിത് പറഞ്ഞു. സന്‍ഗരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുമെടുത്തില്ല. ഇതോടെ മോഹിത്ത് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.


Next Story

RELATED STORIES

Share it