Sub Lead

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു
X

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു. ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്. തുടര്‍ന്ന് വന്‍ പോലിസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു.

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോര്‍ജ്ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ തദ്ദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി പ്രതിഷേധിച്ചത്. ഇവര്‍ റോഡില്‍ കുത്തിയിരുന്നു.

കൊവിഡ് ബാധിതന്റെ മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധം മണിക്കൂറുകള്‍ നീണ്ട അനുനയ നീക്കത്തിനൊടുവിലാണ് അവസാനിച്ചത്.

Next Story

RELATED STORIES

Share it