പാകിസ്താനിയെന്നാരോപിച്ച് മലയാളി മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ബംഗളൂരുവില്‍ പോലിസ് മര്‍ദ്ദനം(വീഡിയോ)

പ്രൊജക്റ്റ് വര്‍ക്കിന്റെയും ഇന്റേണ്‍ഷിപ്പിന്റെയും ഭാഗമായി ഒന്നിച്ചുതാമസിച്ചു വരികകയായിരുന്ന നഗരത്തിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അര്‍ധരാത്രി ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് സംഭവം

പാകിസ്താനിയെന്നാരോപിച്ച് മലയാളി മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ബംഗളൂരുവില്‍ പോലിസ് മര്‍ദ്ദനം(വീഡിയോ)
ബംഗളൂരു:
പാകിസ്താനിയെന്നാരോപിച്ച് മലയാളി മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ബംഗളൂരുവില്‍ പോലിസ് മര്‍ദ്ദനം. ബംഗളൂരു മടിവാളയ്ക്കു സമീപമുള്ള എസ്ജി പാളയയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണു സംഭവം. പ്രൊജക്റ്റ് വര്‍ക്കിന്റെയും ഇന്റേണ്‍ഷിപ്പിന്റെയും ഭാഗമായി ഒന്നിച്ചുതാമസിച്ചു വരികകയായിരുന്ന നഗരത്തിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അര്‍ധരാത്രി ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് സംഭവം. രാത്രി പട്രോളിങിനെത്തിയ പോലിസ് സംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. കാര്‍ഡില്‍ മുസ് ലിം പേര് കണ്ടതോടെ 'നീ പാകിസ്താനി ഭീകരനാണോ' എന്ന് ആക്രോശിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം കുട്ടികളിലൊരാള്‍ മൊബൈലില്‍പകര്‍ത്തിയതോടെ പോലിസ് കൂടുതല്‍ ഭീഷണിയുമായെത്തി. ഇതിനിടെ, കൂടുതല്‍ പോലിസെത്തി കുട്ടികളെ ബലംപ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ റെവ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന തലശ്ശേരി സ്വദേശിയായ യുവാവിനെയാണ് കൂടുതല്‍ മര്‍ദ്ദിച്ചത്. വിവരമറിഞ്ഞ് കൂടുതല്‍ കൂട്ടുകാര്‍ സ്‌റ്റേഷനിലെത്തിയതോടെ പൂലര്‍ച്ചെ മൂന്നോടെ പെറ്റി കേസെടുത്ത് 500 രൂപ പിഴ അടപ്പിച്ചു വിട്ടയക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സൗത്ത്-ഈസ്റ്റ് ഡിവിഷന്റെ ചുമതലയുള്ള വൈറ്റ് ഫീല്‍ഡ് ഡിസിപി എം എന്‍ അനുഛേദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. അസിസ്റ്റന്റ് എസിപി മൈക്കോ ലയൂട്ടിനോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലും പരിസരങ്ങളിലും ആക്രമണകാരികള്‍ താവളമാക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫഌറ്റുകള്‍ക്കും മറ്റും പോലിസ് നോട്ടീസ് നല്‍കുകയും താമസക്കാരുടെയും സന്ദര്‍ശകരുടെയും ഫോട്ടോയും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബംഗളൂരുവിലും പരിസരങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ ഇതിനു മുമ്പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാവുന്ന ആക്രമണങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.

RELATED STORIES

Share it
Top