Sub Lead

ഒടുവില്‍ കോണ്‍ഗ്രസ് തിരുത്തുന്നു; മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളെ നിയന്ത്രിക്കാന്‍ നിയമം

ഇതുപ്രകാരം നിയമം കൈയിലെടുക്കുന്ന ഗോംസരക്ഷകര്‍ക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി.

ഒടുവില്‍ കോണ്‍ഗ്രസ് തിരുത്തുന്നു; മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളെ നിയന്ത്രിക്കാന്‍ നിയമം
X

ഭോപ്പാല്‍: പശുവിനെ അറുത്തു എന്നാരോപിച്ച് മുസ്‌ലിംകള്‍ക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒടുവില്‍ തിരുത്തുന്നു. പശുക്കളെ രക്ഷിക്കാനെന്ന പേരില്‍ അക്രമം നടത്തുന്നവരെ ശിക്ഷിക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ നിയമം കൊണ്ടു വന്നു. കോണ്‍ഗ്രസ് അധികാരമേറ്റ് ആറ് മാസത്തിന് ശേഷമാണ് ഗോഹത്യ നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം നിയമം കൈയിലെടുക്കുന്ന ഗോംസരക്ഷകര്‍ക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി.

ഗോരക്ഷാ ഗുണ്ടകളുടെ അക്രമത്തിനിരയാവുന്ന മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആശ്വാസമേകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഏറ്റവുമൊടുവില്‍ മെയ് 24ന് മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പശുവിന്റെ പേരില്‍ അക്രമത്തിന് ഇരയായിരുന്നു.

പശുവിനെ അറുത്തുവെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തപ്പെട്ട നദീം ഖുറേഷിയെപ്പോലുള്ളവര്‍ക്കും പുതിയ നിയമം പ്രതീക്ഷ നല്‍കുന്നു. നദീം ഖുറേഷി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍എസ്എ ചുമത്തിയത്. ദേശസുരക്ഷയ്‌ക്കോ നിയമത്തിനോ ഭീഷണിയാവുന്നവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമായ എന്‍എസ്എ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. 2007 മുതല്‍ 2016 വരെ ഗോഹത്യയുടെ പേരില്‍ 22 പേര്‍ക്കെതിരേയാണ് ബിജെപി സര്‍ക്കാര്‍ എന്‍എസ്എ ചുമത്തിയത്.


നദീം ഖുറേഷി കുടുംബത്തോടൊപ്പം

2018 ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്ന് ഇരകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കമല്‍നാഥ് അധികാരത്തിലേറി രണ്ട് മാസത്തികം തന്നെ അറവുകാരനും എരുമ കച്ചവടക്കാരനുമായ നദീം ഖുറേഷി, സഹോദരന്‍ ശക്കീല്‍ ഖുറേഷി, കര്‍ഷകനായ അസം ഖാന്‍ എന്നിവര്‍ക്കെതിരേ എന്‍എസ്എ ചുമത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

മൂന്ന് മാസത്തിനു ശേഷമാണ് ഇവര്‍ക്കെതിരായ എന്‍എസ്എ പിന്‍വലിച്ചത്. എന്നാല്‍, ഗോവധ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ട്. തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

നദീമും ഖുറേഷിയും താമസിക്കുന്ന ഖാണ്ട്വയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കാര്‍ഖാലിയിലെ വയലില്‍ നിന്ന് പശുവിന്റെ അവശിഷ്ടങ്ങളും കത്തിയും കണ്ടെത്തി എന്ന് ആരോപിച്ചാണ് പോലിസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ജന്മനാടാണ് കാര്‍ഖാലി. എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് തങ്ങള്‍ ഖാണ്ട്വയില്‍ ആയിരുന്നുവെന്ന് ഇരുവരും പറയുന്നു. കര്‍ഷകനായ അസംഖാനെ ഇതില്‍ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇപ്പോഴും അവ്യക്തമാണ്.

ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവരെ നിയന്ത്രിക്കാനുള്ള ഭേദഗതി കൊണ്ടുവന്ന സാഹചര്യത്തില്‍ നിരപരാധികളായ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും.

Next Story

RELATED STORIES

Share it