Sub Lead

ബശാറുല്‍ അസദ് വീണ്ടും സിറിയന്‍ പ്രസിഡന്റ്; 95.1 ശതമാനം വോട്ട് നേടിയെന്ന് അവകാശവാദം

തേസമയം, തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്നാണ് എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ബശാറുല്‍ അസദ് വീണ്ടും സിറിയന്‍ പ്രസിഡന്റ്; 95.1 ശതമാനം വോട്ട് നേടിയെന്ന് അവകാശവാദം
X

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷവുമായി പ്രസിഡന്റ് സ്ഥാനം അരക്കിട്ടുറപ്പിച്ച് ബശ്ശാറുല്‍ അസദ്. 95.1 ശതമാനം വോട്ടുകള്‍ നേടിയാണ് അസദ് നാലാം തവണയും അധികാരമുറപ്പിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്നാണ് എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 കോടി ജനങ്ങള്‍ വഴിയാധാരമാവുകയും ചെയ്ത ആഭ്യന്തര സംഘര്‍ഷം ഇപ്പോഴും നിയന്ത്രണാധീതമായി തുടരുമ്പോഴും രാജ്യം സാധാരണനിലയിലാണെന്നാണ് കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി അസദ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് കാണിച്ച് നേരത്തെ തന്നെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും സിറിയന്‍ ഭരണകൂടം തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.

വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ലമെന്റ് മേധാവി ഹമ്മൂദ സബാഹ് ഫലം പ്രഖ്യാപിച്ചത്. 78 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചെന്നും 1.4 കോടി പൗരന്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ ശബ്ദങ്ങളെയും എതിര്‍ സ്ഥാനാര്‍ത്ഥികളെയും അടിച്ചമര്‍ത്തി ഏകാധിപത്യ രീതിയിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രധാന വിമര്‍ശനം. അസദിന്റെ എതിരാളികളായ ഡമ്മി സ്ഥാനാര്‍ത്ഥികളെ അസദിന്റെ പാര്‍ട്ടി തന്നെയാണ് നിര്‍ത്തുന്നതെന്നും വ്യാപക വിമര്‍ശനമുണ്ട്. 2014ല്‍ നടന്ന ഒടുവിലത്തെ തിരഞ്ഞെടുപ്പിലും അസദായിരുന്നു വിജയിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി അസദിനെ വിമര്‍ശിച്ച് ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് അസദ് എതിരാളിയായ തുര്‍ക്കിയും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിജയത്തോടെ 55 കാരനായ അസദിന് ഏഴു വര്‍ഷം കൂടി പ്രസിഡന്റ് പദവിയിലിരിക്കാം. ഇതോടെ ആറു പതിറ്റാണ്ടായി അസദ് കുടുംബമാണ് സിറിയ ഭരിക്കുന്നത്.പിതാവ് ഹഫീസ് അല്‍ അസദ് 2000 ല്‍ മരിക്കുന്നതുവരെ 30 വര്‍ഷം സിറിയയെ നയിച്ചിരുന്നു.

മുന്‍ ഡെപ്യൂട്ടി കാബിനറ്റ് മന്ത്രി അബ്ദുല്ല സലൂം അബ്ദുല്ല, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഔദ്യോഗികമായി അനുമതി ലഭിച്ച ചെറിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് മഹ്മൂദ് അഹമ്മദ് മര്‍ഇ എന്നിവരാണ് അസദിനെതിരേ ജനവിധി തേടിയത്. മര്‍ഇക്ക് 3.3 ശതമാനം വോട്ടും സലൂമിന് 1.5 ശതമാനവും വോട്ട് ലഭിച്ചതായി സബാഹ് പറഞ്ഞു.

Next Story

RELATED STORIES

Share it