Sub Lead

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന്; വിവാദം

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന്; വിവാദം
X

വൈപ്പിന്‍: നിയമസഭാ പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും ഉള്‍പ്പെടെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന് നല്‍കിയത് വിവാദമാവുന്നു. മുന്‍ മന്ത്രി തോമസ് ഐസക്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സിപിഎം ഏരിയാകമ്മിറ്റിയംഗങ്ങളുമാണ് ഹിന്ദു ഐക്യവേദി നേതാവും എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനറുമായ രഞ്ജിത്ത് രാജ്വിയുടെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തത്. ഇവരോടൊപ്പെ എസ്എന്‍ഡിപി ശാഖാ ഭാരവാഹികളുമുണ്ടായിരുന്നു. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ് എന്‍ഡിപി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇക്കഴിഞ്ഞ 28നാണ് സ്ഥാനാര്‍ഥി കെഎന്‍ ഉണ്ണികൃഷ്ണന്‍ എസ് എന്‍ഡിപി യോഗം വനിതാസംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. എന്നാല്‍, മന്ത്രി തോമസ് ഐസക് തിരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാല്‍ ഇവരോടൊപ്പം അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചെന്നാണ് പറയുന്നത്.

അതേസമയം, വിരുന്നിന്റെ പിന്നാലെ എസ് എന്‍ഡിപിയിലെ ഇടത് അനുകൂലികളുടെ ഒരു യോഗം ചെറായിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രസ്തുത യോഗത്തില്‍ സിപിഎം സ്ഥാനാര്‍ഥിയും പങ്കെടുത്തിരുന്നതായും ബിഡിജെഎസ് നേതാക്കള്‍ വഴിയാണ് എന്‍ഡിഎയില്‍ നിന്ന് വോട്ടുകച്ചവടം ഉറപ്പിച്ചതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനറുമായ വി എസ് സോളിരാജ് ആരോപിച്ചു. എന്നാല്‍, സാമൂഹികപ്രവര്‍ത്തകയും സാമുദായിക സംഘടനാനേതാവുമായ ഒരാളുടെ പിന്തുണതേടി പോയതാണെന്നും ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിരുന്നില്‍ പങ്കെടുത്ത സിപിഎം ഏരിയാകമ്മിറ്റിയംഗം എ പി പ്രിനില്‍ പറഞ്ഞു. വിരുന്നിനു ശേഷം കൃഷ്ണകുമാരി ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയതായും പ്രിനില്‍ പറഞ്ഞു.

എന്നാല്‍, വീട്ടിലെത്തിയ നേതാക്കളെ അവര്‍ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് രഞ്ജിത്തിന്റെ ന്യായീകരണം. ഏതായാലും പിണറായി മന്ത്രിസഭയിലെ പ്രമുഖന്‍ തന്നെ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തത് വോട്ടുകച്ചവടമാണെന്ന വിവാദത്തിന് ശക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്.

Banquet for LDF candidate and minister at NDA convener's house; Controversy

Next Story

RELATED STORIES

Share it