Sub Lead

ബാബരി ധ്വംസനം: ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം

വര്‍ഗീയാടിസ്ഥാനത്തില്‍ നമ്മെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജനങ്ങളുടെ ഐക്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം സംഘടിപ്പിച്ചത്.

ബാബരി ധ്വംസനം: ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 29ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും പാര്‍ലമെന്റില്‍ സംയുക്ത പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വര്‍ഗീയാടിസ്ഥാനത്തില്‍ നമ്മെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജനങ്ങളുടെ ഐക്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം സംഘടിപ്പിച്ചത്.



'ബാബറി മസ്ജിദ് തകര്‍ത്ത കുറ്റക്കാരെ ശിക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരുന്നു', 'സമാധാനവും ഐക്യദാര്‍ഢ്യവും ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്', 'ഒരാള്‍ക്കെതിരായ ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്' തുടങ്ങിയവയായിരുന്നു പ്രതിഷേധ യോഗത്തിലെ പ്രധാന ബാനറിലെ മുദ്രാവാക്യങ്ങള്‍.

ഭരണകൂടത്തിന്റെ സംഘടിത വര്‍ഗീയ കലാപവും ഭരണകൂട ഭീകരതയും തുടച്ചുനീക്കുക, നമ്മുടെ ജനങ്ങളുടെ ഐക്യം സംരക്ഷിക്കൂ, കുറ്റവാളികളെ ശിക്ഷിക്കൂ, തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകളും യോഗത്തിലുയര്‍ന്നു.

ലോക് രാജ് സംഗതന്‍, കമ്മ്യൂണിസ്റ്റ് ഗദര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, സിപിഐ (എംഎല്‍)ന്യൂ പ്രോലിറ്റേറിയന്‍, സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി, പിയുസിഎല്‍ (ഡല്‍ഹി), ഹിന്ദ് നൗജവാന്‍ ഏകതാ സഭ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ലോക് പക്ഷ, മസ്ദൂര്‍ ഏക്താ കമ്മിറ്റി, എന്‍സിഎച്ച്ആര്‍ഒ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), പുരോഗമി മഹിളാ സംഗതന്‍, സിഖ് ഫോറം, എസ്‌ഐഒ, യുണൈറ്റഡ് മുസ്ലീം ഫ്രണ്ട്, ഓള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസെ മുഷാവറ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് കൗണ്‍സില്‍, എപിസിആര്‍ (ഡല്‍ഹി ചാപ്റ്റര്‍), ദലിത് വോയ്‌സ്, ദേശിയ മക്കള്‍ ശക്തി കച്ചി എന്നിവര്‍ സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.


യോഗത്തില്‍ ലോക് രാജ് സംഘടനാ പ്രസിഡന്റ് എസ് രാഘവന്‍, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ശാഫി, വെല്‍ഫയര്‍ ദേശീയ പ്രസിഡന്റ് എസ്‌ക്യുആര്‍ ഇല്യാസ്, പിയുസിഎല്ലിന്റെ എന്‍ഡി പഞ്ചോളി (ഡല്‍ഹി), ജമാത്ത് ഇ ഇസ്‌ലാമി ഹിന്ദിന്റെ ഇനാം ഉര്‍ റഹ്മാന്‍, ലോക് പക്ഷത്തിന്റെ കെ കെ സിംഗ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പര്‍വേസ് അഹമ്മദ്, യുണൈറ്റഡ് മുസ്ലീം ഫ്രണ്ടിന്റെ അഡ്വക്കേറ്റ് ഷാഹിദ് അലി, കമ്മ്യൂണിസ്റ്റ് ഗദര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രകാശ് റാവു, ഓള്‍ ഇന്ത്യ ലോയേഴ്‌സ് കൗണ്‍സിലിലെ ശശാങ്ക് സിംഗ്, ദളിത് വോയ്‌സിന്റെ ബിഎം കാംബ്ലി, പീപ്പിള്‍സ് ഫ്രണ്ടിന്റെ നരേഷ് ഗുപ്ത തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുമതി നല്‍കിയതില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരും കുറ്റക്കാരാണെന്ന് പ്രഭാഷകര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി. 1992-1993 കാലഘട്ടത്തില്‍ മുംബൈയില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങള്‍ സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും ശിവസേനയും കുറ്റക്കാരാണ്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി തുടങ്ങിയ എല്ലാ അവയവങ്ങളും നമ്മുടെ ജനങ്ങള്‍ക്കെതിരെ ചെയ്ത ക്രൂരമായ കുറ്റകൃത്യം മറച്ചുവെക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ഭരണകൂടം സംഘടിപ്പിക്കുന്ന വര്‍ഗീയ കലാപത്തിനും ഭരണകൂട ഭീകരതയ്ക്കും അറുതി വരുത്താനുള്ള പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് യോഗം സമാപിച്ചത്.

Next Story

RELATED STORIES

Share it