Big stories

ബാബരി മസ്ജിദ്: മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കേസില്‍ നാളെ വാദം നടക്കും

മുദ്ര വെച്ച കവറിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും

ബാബരി മസ്ജിദ്: മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കേസില്‍ നാളെ വാദം നടക്കും
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. മുദ്ര വെച്ച കവറിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും

ഇതുവരെ നടന്ന ചര്‍ച്ചയുടെ പുരോഗതി വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ട 2010ലെ അലഹാബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികള്‍ നാളെ വാദത്തിനെടുക്കുമോയെന്നു വ്യക്തമല്ല.

കേസില്‍ ജൂലൈ 31നകം മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കില്‍ നാളെ മുതല്‍ വാദംകേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് വാദം പുനരാരംഭിക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞമാസം 18നാണ് കേസ് അവസാനമായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത്. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞമാസം 11ന് കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം 18ന് കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചു. ജീവനകല ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. മാര്‍ച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മധ്യസ്ഥതക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്.

മൂന്നംഗസമിതിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദംകേള്‍ക്കണമെന്നുമാവശ്യപ്പെട്ട് രാജേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഈ മാസം 15ന് സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വാദംകേള്‍ക്കലെന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍, രാജേന്ദ്ര സിങ്ങിന്റെ ഹരജിയെ തുടര്‍ന്ന് മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്.

Next Story

RELATED STORIES

Share it