പൗരത്വ ബില്‍: ബിജെപി ബന്ധം അവസാനിപ്പിച്ച് അസം ഗണ പരിഷത്ത്

അസം പൗരത്വ രജിസ്റ്റര്‍ പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നടത്തിയ അവസാന സമ്മര്‍ദ്ദവും പരാജയപ്പെട്ടതോടെയാണ് എജിപി മുന്നണി വിട്ടത്.

പൗരത്വ ബില്‍: ബിജെപി ബന്ധം  അവസാനിപ്പിച്ച് അസം ഗണ പരിഷത്ത്
ഗുവാഹത്തി: അസം പൗരത്വ രജിസ്റ്ററില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് ബിജെപി ബന്ധം അവസാനിപ്പിച്ചു. അസമിലെ ബിജെപിയുടെ രണ്ട് ഘടകകക്ഷി പാര്‍ട്ടികളില്‍ ഒന്നാണ് എജിപി. അസം പൗരത്വ രജിസ്റ്റര്‍ പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നടത്തിയ അവസാന സമ്മര്‍ദ്ദവും പരാജയപ്പെട്ടതോടെയാണ് എജിപി മുന്നണി വിട്ടത്.

കഴിവിന്റെ പരമാവധി അസം പൗരത്വ ബില്ലിനെ എതിര്‍ക്കാന്‍ ശ്രമിച്ചെന്ന് എജിപി പ്രസിഡന്റും അസം കൃഷി മന്ത്രിയുമായ അതുല്‍ ബോറ പറഞ്ഞു. അസമിലെ ജനവികാരം ബിജെപി അവഗണിച്ചു. ഇനി സഖ്യം തുടരുന്നതില്‍ അര്‍ത്ഥമില്ല. നിതീഷ് കുമാറിന്റെയും ശിവസേനയുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.അസം പൗരത്വ രജിസ്റ്റര്‍ പിന്‍വലിപ്പിക്കാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങുമായി എജിപി നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു.ഇതോടെയാണ് മുന്നണി വിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയില്‍ അതുല്‍ ബോറ ഉള്‍പ്പെടെ എജിപിക്ക് മൂന്ന് മന്ത്രിമാരുണ്ട്. മൂവരും മന്ത്രിസ്ഥാനം രാജിവയ്ക്കും.

അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, പാര്‍സി, സിക്ക്, ജെയിന്‍, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 1955ലെ പൗരത്വ നിയമത്തിലെ ഭേദഗതി വരുത്താനാണ് നീക്കം.

അതേസമയം, എജിപിയുടെ പുറത്തുപോവല്‍ ബിജെപി സര്‍ക്കാരിന് ഭീഷണിയാകില്ല. 126 അംഗ നിയമസഭയില്‍ 61 സീറ്റാണ് ബിജെപിക്കുള്ളത്. എജിപി മാറിനിന്നാലും 12 എംഎല്‍എമാരുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്റെ പിന്തുണ സര്‍ക്കാരിനുണ്ട്. 14 എംഎല്‍എമാരുള്ള എജിപി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ബെഞ്ചിലേക്ക് മാറും.

RELATED STORIES

Share it
Top