Sub Lead

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്
X

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി. ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയത്. മുന്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്കെതിരേ കേസ് നിലനില്‍ക്കും.

10 വാള്യങ്ങളിലായാണ് എന്‍സിബി പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം.

കഴിഞ്ഞ വര്‍ഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതില്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാന്‍ കിരണ്‍ ഗോസാവി, മനീഷ് ബനുശാലി,സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയിട്ടുവെന്നും ഇയാള്‍ പറയുന്നു.

റെയ്ഡിന് മുന്‍പ് ഈ സംഘത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ചെന്ന് വിജയ് പഗാരെ പറഞ്ഞു. റെയ്ഡിന് 5 ദിവസം മുന്‍പ് വലിയൊരു ഡീല്‍ നടക്കാന്‍ പോവുന്നെന്ന് തന്നോട് പറഞ്ഞുവെന്നും ബനുശാലി 25 കോടിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നും ഇയാള്‍ പറഞ്ഞു. ആര്യനാണ് അറസ്റ്റിലായതെന്ന് മനസിലായത് എന്‍സിബി ഓഫിസിലെത്തിയതിന് പിന്നാലെയാണ്. ആര്യന്‍ ഖാന്റെ അഭിഭാഷകനെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയ് പഗാരെ വെളിപ്പെടുത്തി.

ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്‍സിബി നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍സിബിയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍സിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it