Sub Lead

എസ് പി അമീറലിയുടെ അറസ്റ്റ്: പാലക്കാട് പോലിസിന്റെ പകപോക്കലിന്റെ ഭാഗം - അജ്മല്‍ ഇസ്മായീല്‍

കേസന്വേഷിക്കുന്ന ഡിവൈഎസ്പി അനില്‍കുമാറിന്റെ ഇടപെടലുകള്‍ വിവേചനപരവും പക്ഷപാതപരവും വംശീയാധിഷ്ടിതവുമാണ്.

എസ് പി അമീറലിയുടെ അറസ്റ്റ്: പാലക്കാട് പോലിസിന്റെ പകപോക്കലിന്റെ ഭാഗം - അജ്മല്‍ ഇസ്മായീല്‍
X

കൊച്ചി: എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലിയുടെ അറസ്റ്റ് പാലക്കാട് പോലിസിന്റെ പകപോക്കലിന്റെ ഭാഗമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസന്വേഷിക്കുന്ന ഡിവൈഎസ്പി അനില്‍കുമാറിന്റെ ഇടപെടലുകള്‍ വിവേചനപരവും പക്ഷപാതപരവും വംശീയാധിഷ്ടിതവുമാണ്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന പോലിസ് അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു എന്നതാണ് അമീറലിയെ പോലീസ് ടാര്‍ജറ്റ് ചെയ്യുന്നതിനു പിന്നില്‍. വാളയാറില്‍ സഹോദരിമാര്‍ പീഢനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അവരുടെ നീതിക്കായി ശക്തമായ പോരാട്ടത്തിന് അമീറലി നേതൃത്വം നല്‍കിയിരുന്നു. പാലക്കാട് സിഡബ്ല്യൂസി ചെയര്‍മാനെതിരേ നടപടിയെടുത്തതുപോലും അദ്ദേഹത്തിന്റെ പോരാട്ടത്തെത്തുടര്‍ന്നായിരുന്നു. വംശീയാധിക്ഷേപം നടത്തി ചില യുവാക്കളെ ക്രൂരമായി പോലിസ് മര്‍ദ്ദിച്ച സംഭവത്തിലും അമീറലിയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം അമീറലി പാലക്കാട് പോലിസിനെ പ്രകോപിപ്പിച്ചിരുന്നു.

എലപ്പുളി സുബൈറിനെ ആര്‍എസ്എസ് അക്രമികള്‍ വെട്ടിക്കൊന്ന കേസില്‍ പോലിസ് അന്വേഷണം പരിശോധിച്ചാല്‍ പോലിസിന്റെ പക്ഷപാതപരമായ സമീപനം കൂടുതല്‍ ബോധ്യമാകും. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും പരിശീലനത്തിനും ശേഷമാണ് സുബൈറിനെ അക്രമികള്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. രണ്ടു കാറുകളിലായെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ മാത്രം പ്രതിയാക്കി ഗൂഢാലോചന തള്ളി കേസ് ക്ലോസ് ചെയ്യാനായിരുന്നു പോലിസ് ശ്രമം. പിന്നീട് ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഒന്‍പത് പേരെ പ്രതിയാക്കിയത്. ഈ സംഭവത്തിനു രണ്ടു ദിവസം മുമ്പ് ഈ അക്രമികളുടെ വസതിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ജില്ലയിലെ സിപിഎം നേതാക്കളുള്‍പ്പെടെ ആരോപിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായിട്ടില്ല. ആസൂത്രിത കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ്-ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ അന്വേഷണം സംഘം നാളിതുവരെ തയ്യാറായിട്ടില്ല.

അതേസമയം, തൊട്ടടുത്ത ദിവസം നടന്ന സംഭവത്തില്‍ ഇതുവരെ പോലിസ് തയ്യാറാക്കിയിരിക്കുന്നത് 43 പേരുടെ പ്രതിപ്പട്ടികയാണ്. ആര്‍എസ്എസ്സുകാര്‍ ചൂണ്ടിക്കാണിക്കുന്നവരെ മുഴുവന്‍ പ്രതികളാക്കുന്ന രീതിയാണ് പോലിസ് തുടരുന്നത്. വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലുമുള്‍പ്പെടെ സജീവ പൊതുപ്രവര്‍ത്തകനായ അമീറലിയെ കേസില്‍ പ്രതിചേര്‍ത്തത് തീര്‍ത്തും കള്ളക്കഥ മെനഞ്ഞാണ്. രാജ്യത്തിന്റെ ഭരണഘടനയെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ആര്‍എസ്എസ് താല്‍പ്പര്യത്തിനും വിചാരധാരയ്ക്കും വിധേയമായി പ്രവര്‍ത്തിക്കാനുള്ള പാലക്കാട് പോലിസിന്റെ നീക്കം ജനാധിപത്യപരമായി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ഇതിനെതിരേ നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it