Sub Lead

അരൂരിന്റെ മനസ് ആര്‍ക്കൊപ്പം ; പ്രതീക്ഷയോടെ മുന്നണികള്‍

മുസ്‌ലിം,ഈഴവ സമുദായങ്ങള്‍ അരൂരില്‍ നിര്‍ണായക ശക്തികളാണ്. ക്രിസ്ത്യന്‍ സമുദായത്തിനും ഇവിടെ സ്വാധീനമുണ്ട്,എന്‍ഡിഎയില്‍ ബിഡിജെഎസ് ആണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ മല്‍സരിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് ബിജെപി സീറ്റ് ഏറ്റെടുത്തത്. ബിഡിജെഎസ് മല്‍സരിക്കാത്ത സാഹചര്യത്തില്‍ ഈഴവസമുദായത്തിന്റെ വോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയവും പരാജയവും നിശ്ചയിക്കപ്പടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.മുസ്‌ലിം സമുദായത്തിലെയും ക്രിസ്ത്യന്‍ സമൂദായത്തിലെയും വോട്ടുകള്‍ ഏകീകരിക്കപെടുമെന്നാണ് ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത്.ഈ സാഹചര്യത്തില്‍ ഈഴവ സമുദായത്തിലെ വോട്ടുകളിലാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും് ഉറ്റുനോക്കുന്നത്

അരൂരിന്റെ മനസ് ആര്‍ക്കൊപ്പം ; പ്രതീക്ഷയോടെ മുന്നണികള്‍
X

അരൂര്‍: സംസ്ഥാനത്ത് അഞ്ച് ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായി അരൂര്‍ മാറിയിരിക്കുകയാണ്. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ അഡ്വ.ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിലെ മനു സി പുളിക്കനുമാണ് മല്‍സരിക്കുന്നത്.ബിജെപി സ്ഥാനാര്‍ഥിയായി പ്രകാശ് ബാബുവും മല്‍സരിക്കുന്നു.എംഎല്‍എയായിരുന്ന എ എം ആരിഫ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആരിഫിനെതിരെ യുഡിഎഫ് രംഗത്തിറക്കിയതും ഷാനിമോളെയായിരുന്നു. ആരിഫിനോട് ഷാനിമോള്‍ പരാജയപ്പെട്ടുവെങ്കിലും ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു ലീഡ് നേടിയത്.ഇതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഷാനിമോള്‍ ഉസ്മാനെ തന്നെ കളത്തിലിറക്കിയത്. ഷാനിമോള്‍ ഉസ്മാനിലൂടെ അരൂര്‍ തിരിച്ചു പിടിക്കാമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും കണക്കൂ കൂട്ടല്‍.മുസ്‌ലിം,ഈഴവ സമുദായങ്ങള്‍ അരൂരില്‍ നിര്‍ണായക ശക്തികളാണ്. ക്രിസ്ത്യന്‍ സമുദായത്തിനും ഇവിടെ സ്വാധീനമുണ്ട്,എന്‍ഡിഎയില്‍ ബിഡിജെഎസ് ആണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ മല്‍സരിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് ബിജെപി സീറ്റ് ഏറ്റെടുത്തത്. ബിഡിജെഎസ് മല്‍സരിക്കാത്ത സാഹചര്യത്തില്‍ ഈഴവസമുദായത്തിന്റെ വോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയവും പരാജയവും നിശ്ചയിക്കപ്പടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുസ്‌ലിം സമുദായത്തിലെയും ക്രിസ്ത്യന്‍ സമൂദായത്തിലെയും വോട്ടുകള്‍ ഏകീകരിക്കപെടുമെന്നാണ് ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത്.ഈ സാഹചര്യത്തില്‍ ഈഴവ സമുദായത്തിലെ വോട്ടുകളിലാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ് ഉറ്റുനോക്കുന്നത്.ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടുന്ന അരൂര്‍, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നംപള്ളിപ്പുറം, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അരൂര്‍ നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്നുവരുന്ന തിരഞ്ഞെടുപ്പുകളില്‍ പത്തു തവണ ഇടതുപക്ഷത്തിനൊപ്പവും നാല് തവണ വലതുപക്ഷത്തിനൊപ്പവും നിന്ന മണ്ഡലമാണ് അരൂര്‍. മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ സിപിഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഏഴു തവണയും സിപിഎമ്മില്‍ നിന്നും വിട്ടു ജെഎസ്എസ് രൂപികരിച്ചതിനു ശേഷം യുഡിഎഫിന് വേണ്ടി മല്‍സരിച്ച് രണ്ടു തവണയും മണ്ഡലത്തില്‍ നിന്നും വിജയിച്ചു.പിന്നീട് ഇതേ ഗൗരിയമ്മയെ 2006 ല്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് സിപിഎമ്മിന്റെ എ എം ആരിഫ് ഇവിടെ വിജയിക്കുന്നത്.തുടര്‍ന്ന് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എ ഷുക്കൂറിനെയും പരാജയപ്പെടുത്തി ആരിഫ് മണ്ഡലം നിലനിര്‍ത്തി.ആരിഫിലൂടെ നേടിയ വിജയം മനു സി പുളിക്കനിലൂടെ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഇത്തവണ ഏതു വിധേനയും മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

ആലപ്പുഴ ലോക് സഭാ മണ്ഡലം തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതുപോലുളള സാഹചര്യം അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുമെടുത്താണ് യുഡിഎഫ് മുന്നോട്ടു നീങ്ങുന്നത്.തുടക്കം മുതല്‍ തന്നെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഇരു മുന്നണികളും മണ്ഡലത്തില്‍ നടത്തിയത്.അരൂരിന്റെ വികസനമാണ് മുന്നു മുന്നണികളും പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.അരൂരില്‍ നടപ്പാക്കേണ്ട വികസനം ഉയര്‍ത്തിക്കാട്ടി യുഡിഎഫ് വോട്ടു തേടിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചരണം.മുഖ്യമന്ത്രി അടക്കമുള്ളവരെ എല്‍ഡിഎഫ് മണ്ഡലത്തിലെത്തിച്ച് പ്രചരണം ശക്തമാക്കിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരെ മുന്‍നിര്‍ത്തിയായിരുന്നു യുഡിഎഫ് പ്രചരണം കൊഴുപ്പിച്ചത്.മുന്നണി നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും പൂതന പരാമര്‍ശവുമൊക്കെ പ്രചരണ കാലയളവില്‍ മണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും

Next Story

RELATED STORIES

Share it