Sub Lead

ജാമിഅയില്‍ 'ഭീകര വിരുദ്ധ പ്രതിജ്ഞ'; ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

സര്‍വകലാശാല സംഘടിപ്പിച്ച പരിപാടി ഇസ്‌ലാമോഫോബിയയുടെ സുതാര്യമായ പ്രദര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ജാമിയ യൂനിറ്റിലെ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ചടങ്ങിനെ ശക്തമായി അപലപിച്ചു.

ജാമിഅയില്‍ ഭീകര വിരുദ്ധ പ്രതിജ്ഞ; ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ അധികൃതര്‍ വെള്ളിയാഴ്ച സര്‍വകലാശാലയിലുടനീളം 'തീവ്രവാദ വിരുദ്ധ ദിനം' ആചരിക്കുകയും വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും 'തീവ്രവാദ വിരുദ്ധ പ്രതിജ്ഞ' എടുക്കാന്‍ തങ്ങളോടൊപ്പം ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നേരത്തെ, എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഭീകരവിരുദ്ധ ദിനം ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ അയക്കുകയും കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിച്ച് പ്രതിജ്ഞയെടുക്കുന്നതിനും നിര്‍ദേശം നല്‍കിയിരുന്നു.

നോട്ടിസില്‍ കേന്ദ്ര സര്‍വകലാശാലകളെയോ അവരുടെ വിദ്യാര്‍ത്ഥികളെയോ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്നിരിക്കെ ജാമിഅ അധികൃതര്‍ ഇത്ര വിപുലമായി ഇക്കാര്യങ്ങള്‍ ആചരിക്കാന്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

കാംപസില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ പ്രകാരം ഇംഗ്ലീഷ് വകുപ്പും നിയമ ഫാക്കല്‍റ്റിയും ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ക്ലാസ് പ്രതിനിധികള്‍ സര്‍വകലാശാലാ പരിപാടിയില്‍ സംബന്ധിച്ച് തീവ്രവാദ വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന ചടുങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.

എന്നാല്‍, ജാമിഅ കാംപസ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ അധികൃതരുടെ ഈ നീക്കത്തോടെ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. സര്‍വകലാശാല സംഘടിപ്പിച്ച പരിപാടി ഇസ്‌ലാമോഫോബിയയുടെ സുതാര്യമായ പ്രദര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ജാമിയ യൂനിറ്റിലെ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ചടങ്ങിനെ ശക്തമായി അപലപിച്ചു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വംശഹത്യയ്ക്ക് വിധേയമാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്കാണ് തീവ്രവാദ വിരുദ്ധ പ്രതിജ്ഞ അയക്കേണ്ടതെന്നും സംഘടന വ്യക്തമാക്കി. ചടങ്ങിനെ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) ജാമിയ യൂണിറ്റും അപലപിച്ചു.

ന്യൂനപക്ഷ സ്ഥാപനമായതിനാല്‍ ജാമിഅയെപ്പോലുള്ള ഒരു പ്രമുഖ ദേശീയ സ്ഥാപനം തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടാവുന്നത് ഇസ്ലാമോഫോബിക് മനോഭാവവുമാണ് കാണിക്കുന്നതെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി പോലിസ് അന്യായമായി തടവിലാക്കിയ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അവസ്ഥയെക്കുറിച്ച് നിശബ്ദത പാലിക്കുന്ന യൂനിവേഴ്‌സിറ്റി അധികൃതരുടെ മനോഭാവത്തിലും സംഘടന നിരാശപ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it