Sub Lead

ലിറ്ററേച്ചര്‍ ഫെസ്റ്റിലെ ഇസ് ലാം വിരുദ്ധ സെഷന്‍ നീക്കം വിവാദമാവുന്നു

പി സി അബ്ദുല്ല

ലിറ്ററേച്ചര്‍ ഫെസ്റ്റിലെ ഇസ് ലാം വിരുദ്ധ സെഷന്‍ നീക്കം വിവാദമാവുന്നു
X

കോഴിക്കോട്: ഈ മാസം 16 മുതല്‍ 19 വരെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ഇസ് ലാം വിരുദ്ധ സെമിനാര്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വിവാദമാവുന്നു. ഇസ് ലാമിനെയും പ്രവാചകനെയും കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന രണ്ടു സ്ത്രീകളെയടക്കം അണിനിരത്തി പരിപാടി സംഘടിപ്പിക്കാനാണ് ശ്രമം. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇസ് ലാം വിരുദ്ധ വേദിയാക്കാനാണു നീക്കം. 'മത ജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്ന സെഷനാണ് വിവാദമായിട്ടുള്ളത്. ഇതില്‍ മതം ഉപേക്ഷിച്ചവര്‍ സംസാരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇസ് ലാം മതം ഉപേക്ഷിച്ചവരെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതര മതം ഉപേക്ഷിച്ച ആരെയും സംഘാടകര്‍ ക്ഷണിച്ചിട്ടില്ല.

ഇടതുപക്ഷ പൊതുബോധത്തില്‍ അടുത്തിടെ വര്‍ധിക്കുന്ന ഇസ് ലാമോഫോബിക് തലങ്ങളെ ആളിക്കത്തിക്കുകയുമാണ് ലക്ഷ്യം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നട്ടുച്ചയില്‍ രാജ്യം തിളച്ചുമറിയുന്ന നാളുകളില്‍ ഇസ് ലാമോഫോബിക് ആയ സെഷന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ഇടം നേടുന്നത് യാദൃച്ഛികമല്ലെന്നാണ് വിലയിരുത്തല്‍. ഒരാളോ ഒന്നിലേറെപ്പേരോ ഇസ് ലാം ഉപേക്ഷിക്കുന്നത് ഇപ്പോള്‍ ആഘോഷിക്കുന്നതിനു പിന്നിലെ ഗൂഡാലോചനയും ചര്‍ച്ചയാവുന്നുണ്ട്.

ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസി ബുക്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇസ് ലാമിനെ അപകീര്‍ത്തിപ്പെടുത്തുക മാത്രം ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് സെഷനില്‍ സംബന്ധിക്കുന്നവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം ചേകന്നൂര്‍ സൊസൈറ്റി വഴിയും പിന്നീട് സംഘപരിവാര്‍ വേദികളിലും ഇസ് ലാം വിരോധവുമായി പ്രത്യക്ഷപ്പെട്ട വനിതയാണ് പരിപാടി നയിക്കുന്നവരില്‍ ഒരാള്‍. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ കെഎസ് യു നേതൃത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യുവതിയാണ് മറ്റൊന്ന്. സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പലിനെതിരേ ഇവര്‍ നടത്തിയ പരാമര്‍ശവും തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ ഇവര്‍ നടത്തിയ ഫ്‌ളാഷ് മോബും വിവാദമായിരുന്നു.

പരിപാടിക്കെതിരേ എസ് വൈ എസ്(എപി വിഭാഗം) പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ ഇസ് ലാമോ ഫോബിക് സെഷന്‍ നടത്താനുള്ള ധീക്കം തടയണമെന്ന് എസ് വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഫെസ്റ്റ് ഡയറക്ടര്‍ സച്ചിതാനന്ദന് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക പിന്‍ബലമുള്ള പരിപാടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നട്ടുച്ചയില്‍ രാജ്യം തിളച്ചുമറിയുന്ന നാളുകളില്‍ ഇതുപോലെ ഇസ് ലാമോഫോബിക്കായ ഒരു സെഷന്‍ ലിറ്റററി ഫെസ്റ്റില്‍ ഉണ്ടാവുന്നത് ലജ്ജാകരമാണ്. ഒരാളോ ഒന്നിലേറെപ്പേരോ ഇസ് ലാം ഉപേക്ഷിക്കുന്നത് ആഘോഷിക്കുന്നതിന്റെ രാഷ്ട്രീയ സന്ദേശമെന്താവുമെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, സംവാദപരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് ജസ് ല മാടശ്ശേരി ഫേസ്ബുക്കിലൂടെ അറിയിച്ചു. മതരഹിത ജീവിതത്തിലേക്ക് കടന്നുവന്നവര്‍ എക്‌സ് മുസ് ലിംകള്‍ മാത്രമല്ല. എല്ലാമതത്തില്‍ നിന്നുമുണ്ട്. അതുകൊണ്ട് മൂന്ന് എക്‌സ് മുസ് ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു. എല്ലാ എക്‌സ് മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്. എന്നാല്‍ എക്‌സ് മുസ് ലിംസ് മാത്രമാവുമ്പോള്‍ സത്യങ്ങളാണേലും. അതിനുള്ള സാഹചര്യം ഇതല്ലെന്നും. ഇപ്പോഴത് ഇസ് ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ. യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല. യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും. പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് എക്‌സ് മുസ് ലിംകളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂവെന്നും ജസ് ല മാടശ്ശേരി അറിയിച്ചു.




Next Story

RELATED STORIES

Share it