Sub Lead

സിഎഎ വിരുദ്ധ സമരം: ഡല്‍ഹിയില്‍ അറസ്റ്റിലായ സാബു അന്‍സാരിക്ക് ജാമ്യം

സെയ്ഫിയും ജെഹാനും യുഎപിഎയിലെ വിവിധ വകുപ്പുകള്‍, കൊലപാതകം, കൊലപാതക ശ്രമം, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട് നിലവില്‍ റിമാന്‍ഡിലാണ്

സിഎഎ വിരുദ്ധ സമരം: ഡല്‍ഹിയില്‍ അറസ്റ്റിലായ സാബു അന്‍സാരിക്ക് ജാമ്യം
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയെന്ന കള്ളക്കേസ് ചുമത്തി ഡല്‍ഹി പോലിസ് ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്ത സാബു അന്‍സാരിക്ക് കോടതി ജാമ്യം അനുവദിച്ചു. ഖുറേജി ഖാസിലെ സിഎഎ വിരുദ്ധ പ്രതിഷേധ സ്ഥലത്ത് നിന്ന് ഖാലിദ് സെയ്ഫി, ഇശ്രത്ത് ജഹാന്‍ എന്നിവര്‍ക്കൊപ്പം അറസ്റ്റ് ചെയ്ത 23കാരനാണ് ഉപാധികളോടെ കാര്‍ക്കാദുമ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ജാമ്യം ഇശ്രത്ത് ജഹാന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഡല്‍ഹി കലാപക്കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇതേ ദിവസം തന്നെ സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. രാജ്യം വിടരുത്, വിലാസം മാറരുത്, ആവശ്യമുള്ളപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് സാബു അന്‍സാരിക്ക് ജാമ്യം അനുവദിച്ചത്. 63 ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തില്‍, റമദാന്‍ വേളയില്‍ കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതില്‍ ഏറെ നന്ദിയുണ്ടെന്ന് അന്‍സാരി പറഞ്ഞു. പുനെയിലെ കാര്‍ സീറ്റുകള്‍ തുന്നിച്ചേര്‍ക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തയ്യല്‍ക്കാരനായ അന്‍സാരി വൃദ്ധയായ മാതാവിനും രണ്ട് ഇളയ സഹോദരങ്ങള്‍ക്കുമൊപ്പമാണ് താമസം.

എന്നാല്‍, ഖുറേജി ഖാസിലെ പ്രതിഷേധ സ്ഥലത്ത് ഞാന്‍ സ്ഥിരം ഉണ്ടാവാറില്ലെന്നും രണ്ടുതവണയാണ് പോയതെന്നും അന്‍സാരി പറഞ്ഞതായി ദി വയര്‍ റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 25ന് ഞാന്‍ സമീപത്ത് താമസിക്കുന്ന അമ്മാവനെ സന്ദര്‍ശിക്കുകയായിരുന്നു. വൈകിയതിനാല്‍ കുറച്ച് തൊഴിലാളികളോടൊപ്പം സമര സ്ഥലത്തിനു പിന്നിലെ സ്‌റ്റോര്‍ റൂമില്‍ ഉറങ്ങാന്‍ തീരുമാനിച്ചു. ഉറങ്ങുമ്പോളാണ് പോലിസ് അതിക്രമിച്ചെത്തി കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് ജഗത്പുരി പോലിസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരമാണ് സെയ്ഫി, ഇശ്‌റത്ത് ജഹാന്‍, അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്നുപേരുമാണ് പ്രധാന പ്രതികളെന്നാണ് പോലിസ് ആരോപണം. സെയ്ഫിക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലും പ്രത്യേക സംഘം റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 21ന് ഇശ്രത്ത് ജഹാന് ജാമ്യം ലഭിച്ചെങ്കിലും അതേദിവസം തന്നെ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ഖാലിദ് സെയ്ഫി അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്. ഇസ്രത്ത് ജെഹാന്‍ അഭിഭാഷകനും പ്രദേശത്തെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുമാണ്. ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തയ്യല്‍ക്കാരനാണ് സാബു അന്‍സാരി. സെയ്ഫിയും ജെഹാനും യുഎപിഎയിലെ വിവിധ വകുപ്പുകള്‍, കൊലപാതകം, കൊലപാതക ശ്രമം, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട് നിലവില്‍ റിമാന്‍ഡിലാണ്.




Next Story

RELATED STORIES

Share it