Sub Lead

അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ഒഴിവാക്കി കൊളീജിയം

അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ഒഴിവാക്കി കൊളീജിയം
X

ന്യൂഡല്‍ഹി: അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്പതു പേരുടെ പട്ടികയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളിജീയം കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞ ദിവസം കൈമാറിയത്.

രാജ്യത്തെ മുതിര്‍ന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് ഖുറേഷി. ഒരു ദശാബ്ദം മുമ്പ് അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ന്യായാധിപനാണ്. സുപ്രിംകോടതി കൊളീജിയത്തിലെ മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ വിരമിച്ച് ഒരാഴ്ചക്കുള്ളിലാണ് ശിപാര്‍ശ സമര്‍പ്പിക്കപ്പെട്ടത്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെപ്പോലുള്ള മുതിര്‍ന്ന ജഡ്ജിമാരെ പരമോന്നത കോടതിയില്‍ നിയോഗിക്കണം എന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊളീജിയത്തിലെ അഭിപ്രായ ഭിന്നതകള്‍ മൂലം തീരുമാനം വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്ത് 12നാണ് ജസ്റ്റിസ് നരിമാന്‍ വിരമിച്ചത്. ഇതിന് പിന്നാലെ അഞ്ചംഗ കൊളീജിയം യോഗം ചേര്‍ന്ന് ഒമ്പത് പേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് ഖുറേഷി വിരമിക്കേണ്ടത്.

സൊഹ്‌റാബുദ്ദീന്‍കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ ജസ്റ്റിസ് ഖുറേഷി 2010ല്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജായിരുന്ന ഖുറേഷിയുടെ വിധി പ്രകാരം ഷാ രണ്ടു ദിവസം സബര്‍മതി ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ഖുറേഷി പിന്നീട് ബോംബെ ഹൈക്കോടതിയിലെത്തി. 2019ലാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 40 ജഡ്ജിമാരുള്ള മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് കൊളീജിയം ജസ്റ്റിസ് ഖുറേഷിയെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഈ നിര്‍ദേശം സ്വീകരിച്ചില്ല. പിന്നാലെയാണ് ഇദ്ദേഹം നാലു ജഡ്ജിമാര്‍ മാത്രമുള്ള ത്രിപുര ഹൈക്കോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളിജീയമാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയിരുന്നത്.

ചീഫ് ജസ്റ്റിസ് എന്‍വി രമണ, യുയു ലളിത്, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു എന്നിവരാണ് നിലവിലെ കൊളീജിയം അംഗങ്ങള്‍. ചൊവ്വാഴ്ച രാത്രി എട്ടര വരെ പേരുകള്‍ ചര്‍ച്ച ചെയ്ത കൊളീജിയം അന്ന് വൈകിട്ട് തന്നെ കേന്ദ്രത്തിന് കത്തു നല്‍കുകയായിരുന്നു. ജസ്റ്റിസ് എ.എസ് ഓഖ (കര്‍ണാടക ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജെകെ മഹേശ്വരി (സിക്കിം ചീഫ് ജസ്റ്റിസ്) ജസ്റ്റിസ് എംഎം സുന്ദരേശ് (ചെന്നൈ), പിഎസ് നരസിംഹ (മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍), ജസ്റ്റിസ് സി.ടി രവികുമാര്‍ (കേരളം) വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ബി.വി നാഗരത്‌ന (കര്‍ണാടക), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത്) എന്നിവരുടെ പേരുകളാണ് കൊളീജിയം ശിപാര്‍ശയിലുള്ളത്.

പട്ടികയിലുള്ള മിക്കവരും സര്‍വീസിലും അനുഭവസമ്പത്തിലും ജസ്റ്റിസ് അഖില്‍ ഖുറേഷിക്ക് താഴെയുള്ളവരാണ്. അതേസമയം, ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് നിയോഗിക്കണം എന്ന് ചട്ടമില്ല. എന്നാല്‍ സീനിയോറിറ്റി പരിഗണിക്കുന്നതാണ് ഇക്കാര്യത്തിലെ കീഴ്‌വഴക്കം.

Next Story

RELATED STORIES

Share it