Sub Lead

ശൈശവ വിവാഹം തിരിച്ചെത്തുന്നു? കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പുതിയ നിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ബിജെപി അംഗങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സംബന്ധിച്ച 2009ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ വെള്ളിയാഴ്ച പാസാക്കിയത്.

ശൈശവ വിവാഹം തിരിച്ചെത്തുന്നു?   കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ   പുതിയ നിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: കടുത്ത എതിര്‍പ്പുകള്‍ക്കിടെ ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ബില്ല് പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ബിജെപി അംഗങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സംബന്ധിച്ച 2009ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ വെള്ളിയാഴ്ച പാസാക്കിയത്.

2009ലെ രാജസ്ഥാന്‍ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്താണ് രാജസ്ഥാന്‍ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ 2021 എന്ന പുതിയ നിയമം പാസാക്കിയത്. ശൈശവ വിവാഹം നടന്നാല്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഒട്ടേറെ ബോധവല്‍ക്കരണങ്ങള്‍ക്കും കടുത്ത നടപടികള്‍ക്കും ശേഷം രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ശൈശവ വിവാഹം സാധുവാക്കുന്നില്ലെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും സഭയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ശൈശവ വിവാഹം നടന്നാല്‍ കുട്ടികളുടെ മാതാപിതാക്കളാണ് വിവരം അധികൃതരെ അറിയിക്കേണ്ടത്. 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. പുതിയ നിയമത്തിലെ സെക്ഷന്‍ എട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നേരത്തെ ജില്ലാതലത്തിലുള്ള ഓഫിസറാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ബ്ലോക്ക് തലം വരെയുള്ള ഓഫിസര്‍മാര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം.

ശൈശവ വിവാഹം നിയമവിരുദ്ധമായി തുടരും. എങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമായ ഒരുകാര്യം എന്തിനാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പോലിസ് നടപടിയെടുക്കയല്ലേ വേണ്ടതെന്നും ബിജെപി അംഗങ്ങള്‍ ചോദിച്ചു. സുപ്രിംകോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.

രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നു എന്നത് കൊണ്ട് ശൈശവ വിവാഹം നിയമപരമാകും എന്ന് അര്‍ഥമില്ലെന്ന് മന്ത്രി ധരിവാള്‍ പറഞ്ഞു. അത്തരം വിവാഹം സംഘടിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കും. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാകും നടപടി സ്വീകരിക്കുക. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് 2006ലെ സീമഅശ്വനി കുമാര്‍ കേസില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതാണ്. അതുപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടിയായിരിക്കെ വിവാഹം നടന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായാല്‍ അത് റദ്ദ്് ചെയ്യാനുള്ള അവകാശമുണ്ട്. ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാരിന് താല്‍പ്പര്യമില്ല. എങ്കിലും എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപി അംഗങ്ങള്‍ക്ക് പുറമെ, കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം സന്യാം ലോധയും ബില്ലിനെ എതിര്‍ത്തു.

സര്‍ക്കാരിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിലൂടെ അതിന് അംഗീകാരം കൊടുക്കലാണെന്നും ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ശേഷം ബില്ല് ശബ്ദവോട്ടോടെ പാസാക്കി. ബില്ലിനെ വിമര്‍ശിച്ച് ഡോ. കീര്‍ത്തി ഭാരതി ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ചില ജാതികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കീര്‍ത്തി ഭാരതി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it