Sub Lead

യുപി: ബിജെപിയെ കെട്ടുകെട്ടിക്കാന്‍ മുസ്‌ലിം -യാദവ സമവാക്യത്തിനൊപ്പം മറ്റു ജാതികളേയും കൂടെകൂട്ടി എസ്പി

തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ മുസ്‌ലിം -യാദവ കൂട്ടുകെട്ടിനൊപ്പം ചെറുപാര്‍ട്ടികളേയും കൂടെക്കൂട്ടിക്കൊണ്ടുള്ള തന്ത്രമാണ് എസ്പി മെനയുന്നത്.

യുപി: ബിജെപിയെ കെട്ടുകെട്ടിക്കാന്‍ മുസ്‌ലിം -യാദവ സമവാക്യത്തിനൊപ്പം മറ്റു ജാതികളേയും കൂടെകൂട്ടി എസ്പി
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി) യായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവായുള്ള വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ മുസ്‌ലിം -യാദവ കൂട്ടുകെട്ടിനൊപ്പം ചെറുപാര്‍ട്ടികളേയും കൂടെക്കൂട്ടിക്കൊണ്ടുള്ള തന്ത്രമാണ് എസ്പി മെനയുന്നത്. അടുത്തിടെ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് എസ്പിക്ക് ഏറെ നിര്‍ണായകമാണ്.

2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ബൂത്ത് തലങ്ങളില്‍ പോലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ജാതീയ സമവാക്യങ്ങള്‍ ശക്തമായി മുറുകെപിടിക്കുകയും വന്‍ നേട്ടം കൊയ്യുകയും ചെയ്തിരുന്നു.

ബിജെപിയില്‍ നിന്ന് ഈ മാതൃക സ്വീകരിച്ചാണ് എസ്പി ചെറുപാര്‍ട്ടികളെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. ഇതുവരെ ചെറുകക്ഷികളായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ലിയോക് ദള്‍, മഹാന്‍ ദള്‍, ജന്‍വാദി പാര്‍ട്ടി, അപ്നാ ദള്‍ (കമേരവാദി) എന്നിവരുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2014, 2017, 2019 വര്‍ഷങ്ങളില്‍നിന്ന് 2022ല്‍ എത്തുമ്പോള്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും ഏറെ പ്രതീക്ഷയുണ്ടെന്നുമാണ് അഖിലേഷ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ തുരത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും 3.59 കോടി വോട്ടുകള്‍ നേടി 325 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 1.89 കോടി വോട്ടുകള്‍ നേടിയ എസ്പി 47 സീറ്റുകളിലാണ് ജയിച്ചു കയറിയത്. 54 ലക്ഷം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് ആവട്ടെ കേവലം ഏഴു സീറ്റുകളില്‍ ഒതുങ്ങിപ്പോയിരുന്നു.

എന്നാല്‍, ഇത്തവണ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ഇത്തവണ എസ്പിയുമായി സഖ്യത്തിലാണ്. എസ്പിയും കോണ്‍ഗ്രസും ഇക്കുറി ചേരിതിരിഞ്ഞാണ് മല്‍സരിക്കുന്നത്.

ഏകദേശം 1.7 കോടി വോട്ടുകളുടെ വ്യത്യാസം മറികടക്കുക എന്നതാണ് എസ്പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2012ല്‍ തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത് പോലെ വോട്ട് വ്യത്യാസം വലിയ പ്രശ്‌നമല്ലെന്ന് എസ്പിയുടെ മുന്‍ എംപിയും യാദവ് കുടുംബത്തിലെ ഒരു പ്രധാനിയുമായ ധര്‍മേന്ദ്ര അവകാശപ്പെട്ടു.

2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങളെ വിഡ്ഢികളാക്കിയെന്നും കാവി പാര്‍ട്ടി എല്ലാ ജാതിയില്‍പ്പെട്ടവരെയുമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിയതെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മറ്റൊരാളെ മുഖ്യമന്ത്രിയാക്കി എന്നും ധര്‍മേന്ദ്ര ആരോപിച്ചു. ഇത്തവണ ഈ പാര്‍ട്ടികളെ ബിജെപി സ്വാധീനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകരും യുവാക്കളും വ്യാപാരികളും മുഴുവന്‍ പൊതുജനങ്ങളും ഇത്തവണ എസ്പിക്കൊപ്പമാണെന്നും അഖിലേഷ് പറഞ്ഞു. എല്ലാ ഭാഗത്തുനിന്നും എസ്പിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ധര്‍മേന്ദ്ര പറഞ്ഞു.2012 മുതല്‍ 2017 വരെയുള്ള കാലയളവിലെ അഖിലേഷ് യാദവിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കണക്കിലെടുത്ത്, കര്‍ഷകര്‍, സ്ത്രീകള്‍, ദളിത്, ഒബിസി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും എസ്പിക്ക് വോട്ട് ചെയ്യുമെന്ന് ധര്‍മേന്ദ്ര പറഞ്ഞു.

എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി മത്സരരംഗത്തെത്തിയെങ്കിലും തന്റെ മുസ്‌ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴില്ലെന്ന ആത്മവിശ്വാസത്തിലാണ് അഖിലേഷ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കിലും എന്നാല്‍, ഇത്തവണ അഖിലേഷ് മാജിക് സംസ്ഥാനം തൂത്തുവാരുമെന്നും ധര്‍മേന്ദ്ര പറഞ്ഞു.

Next Story

RELATED STORIES

Share it