Sub Lead

ബാരാബങ്കി മസ്ജിദ് ധ്വംസനം: വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്

ബാരാബങ്കി മസ്ജിദ് ധ്വംസനം: വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്
X

ന്യൂഡല്‍ഹി: മധ്യ ഉത്തര്‍പ്രദേശ് പട്ടണമായ ബാരാബങ്കിയിലെ ഗരീബ് നവാസ് അല്‍ മഅ്‌റൂഫ് പള്ളി പൊളിച്ചുമാറ്റിയ കേസില്‍ അലഹബാദ് ഹൈക്കോടതി നോട്ടീസ് നല്‍കി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് എല്ലാ കക്ഷികള്‍ക്കും നല്‍കിയ നിര്‍ദേശം. കേസ് ജൂലൈ 23ന് പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ രാം സനേഹി ഘട്ട് പ്രദേശത്തെ ഗരീബ് നവാസ് പള്ളി പൊളിച്ചുമാറ്റിയത് ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച റിട്ട് ഹരജിയി പരിഗണിച്ചാണ് അലഹബാദ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. അഡ്വ. സയ്യിദ് അഫ്താബ് അഹമ്മദ് മുഖേന ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്(എഐഎംപിഎല്‍ബി) അഭിഭാഷകനായ സൗദ് റഈസ് മുഖേനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൗരഭ് ലവാനിയ, രാജന്‍ റോയ് എന്നിവരടങ്ങിയ ബെഞ്ച് പൊതുഭൂമിയില്‍ പള്ളി നിലവിലുണ്ടോയെന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ 1960കളിലെ ചില രേഖകളെക്കുറിച്ച് ബെഞ്ചിനെ അറിയിച്ചിരുന്നു. അതില്‍ ഭൂമിയെ 'അബാദി' എന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതില്‍ മസ്ജിദിനെക്കുറിച്ചും പരാമര്‍ശമുണ്ട്. അബാദി ഭൂമിയില്‍ എങ്ങനെയാണ് പള്ളി നിര്‍മിച്ചതെന്ന് കൂടുതല്‍ ചോദിച്ചപ്പോള്‍, 100 വര്‍ഷം മുമ്പാണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിനിടെ പൊളിച്ചുമാറ്റല്‍ സ്റ്റേ ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് മെയ് 17ന് ജില്ലാ ഭരണാധികാരികള്‍ പള്ളി പൊളിച്ചുമാറ്റിയത്. ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പള്ളിക്ക് കുറഞ്ഞത് 60 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ആറു പതിറ്റാണ്ടിലേറെയായി വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നുണ്ടെന്നും നേരത്തേ വ്യക്തമായിരുന്നു. എന്നാല്‍, അനധികൃത നിര്‍മാണമെന്നു പറഞ്ഞ് പ്രാദേശിക ഭരണകൂടം മാര്‍ച്ചില്‍ ഒരു നോട്ടീസ് അയച്ചതിനു പിന്നാലെയാണ് പള്ളി തകര്‍ത്തത്. പള്ളി പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 180 പേര്‍ക്കെതിരെ പോലിസ് കേസെടുക്കുകയായിരുന്നു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മെയ് അവസാനത്തോടെ 30 ഓളം മുസ് ലിംകളെ ജയിലിലടയ്ക്കുകയും ചെയ്തു.

Allahabad HC Issues Notice on Plea Against Barabanki Mosque Demolition



Next Story

RELATED STORIES

Share it