Sub Lead

ഇന്ത്യയില്‍ മഹാമാരി കൊല്ലുന്നതിലേറെ പേരെ മദ്യം കൊല്ലുന്നു

2014നു ശേഷം മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം എന്‍സിആര്‍ബി പുറത്തുവിടാറില്ല

ഇന്ത്യയില്‍ മഹാമാരി കൊല്ലുന്നതിലേറെ പേരെ മദ്യം കൊല്ലുന്നു
X

ന്യൂഡല്‍ഹി: മഹാമാരി കൊല്ലുന്നതിലേറെ പേരെ ഇന്ത്യയില്‍ ദിനേന മദ്യം കൊല്ലുന്നതായി കണക്കുകള്‍. രാജ്യത്ത് പ്രതിമാസം 450 പേരുടെ ജീവന്‍ മദ്യം കവരുന്നുണ്ട്. ഓരോ ദിവസവും 15 പേരാണ് ശരാശരി മരിക്കുന്നത്. ഒന്നര മണിക്കൂര്‍ ഇടവേളയില്‍ ഒരാള്‍ മരിക്കുന്നുവെന്ന് സാരം. കോവിഡ് 19 മൂലം നാലു മാസത്തിനിടെ ഇന്ത്യയില്‍ മരിച്ചത് 11 പേരാണ്. അണുബാധ മൂലം ലോകത്താകമാനം മരിച്ചവരുടെ എണ്ണത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ആല്‍ക്കഹോള്‍ മരണ നിരക്ക് എത്രയോ കൂടുതലാണ്. മദ്യ ഉപഭോഗത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്.

2003ല്‍ 1.6 ലിറ്ററായിരുന്നു വ്യക്തിഗത ഉപഭോഗം. ഇത് 2012 ആയപ്പോഴേക്കും 2.2 ലിറ്ററായി ഉയ4ന്നു. 2013 ല്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) പുറത്തുവിട്ട കണക്കാണിത്. 2014നു ശേഷം മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം എന്‍സിആര്‍ബി പുറത്തുവിടാറില്ല. ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് പ്രകാരം 11 ശതമാനം ഇന്ത്യക്കാരും അമിത മദ്യപാനികളാണ്. മദ്യാസക്തി സദാചാര പ്രശ്‌നം എന്നതിലുപരി ഗുരുതരമായ ആരോഗ്യ പ്രശ്‌നമായിക്കഴിഞ്ഞു. പുതിയ തലമുറയില്‍ നിത്യോപയോഗ വസ്തുക്കളുടെ ഭാഗമായി മദ്യം മാറിയിട്ടുണ്ട്.

മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് മദ്യ ഉപഭോഗത്തില്‍ മുമ്പില്‍. മദ്യം മൂലമുള്ള കുറ്റകൃത്യങ്ങള്‍ ദിനേന കൂടിവരികയാണ്. ലൈംഗികാതിക്രമം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗാര്‍ഹിക പീഡനം എന്നിവ കൂടിയതായാണ് എന്‍സിആര്‍ബി കണക്കുകള്‍. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. സമ്പൂര്‍ണ മദ്യ നിരോധനമെന്ന മുറവിളിക്ക് ബ്രിട്ടീഷ് കാലത്തോളം പഴക്കമുണ്ട്. ഗാന്ധിജിയടക്കമുള്ളവര്‍ ഇതിനായി വാദിച്ചിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്യ വില്‍പനയില്‍ നിയന്ത്രണങ്ങളുണ്ട്. കശ്മീരില്‍ മദ്യശാലകള്‍ക്ക് പൂര്‍ണ നിയന്ത്രണമാണ്. ഗുജറാത്ത്, നാഗാലാന്റ് എന്നിവിടങ്ങളിലും ബാറുകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. കേരളത്തില്‍ 2014 ആഗസ്റ്റ് മുതല്‍ കേവലം പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മാത്രമാക്കി മദ്യ വില്‍പ്പന നിയന്ത്രിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിവറെജസ് ഔട്ട് ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പന തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വലിയ ഗുണമൊന്നുമില്ലെന്ന സ്ഥിതിയായിരുന്നു. കൊറോണ ഭീതിയില്‍ പോലും ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചിടാത്തത് വന്‍ വിമര്‍ശനത്തിനും ഇടയാക്കി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ ട്രോളുകളുടെ പ്രവാഹവുമുണ്ടായി. ഹേട്ടല്‍, സൂപര്‍ മാര്‍ക്കറ്റ്, സിനിമാശാലകള്‍ തുടങ്ങിയ മറ്റിടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കിയെങ്കിലും ബിവറേജസ് ഔട്ട് ലെറ്റിനു മുന്നില്‍ തിരക്കായിരുന്നു. ഭീതിയോടൊപ്പം പ്രതിഷേധവും കനത്തതോടെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ ബെവ്‌കോ തീരുമാനിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it